Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, November 25, 2013

സ്നേഹത്തിന്റെ മുറിപ്പാടുകൾ ...........

എന്റെ ഹലോ കേട്ടതും അവളുടെ  തൊണ്ട ഇടറി. എന്റെ സുഖമാണോ എന്ന ചോദ്യത്തിനു മറുപടിയായി ഉച്ചത്തിലുള്ള ഒരു നെടുവീർപ്പാണ് എനിക്ക് കിട്ടിയത്. കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിനു ഒരു പൊട്ടിക്കരച്ചിലാണു ഞാൻ പ്രതീക്ഷിച്ചതു. പക്ഷെ എന്റെ ചിന്തകൾക്കതീതമായി അവൾ ഫോണ്‍ കട്ട്‌ ചെയ്യുകയാണ് ഉണ്ടായതു....

അവൾ എന്റെ കൂട്ടുകാരി എന്നു പറയുന്നതിനേക്കാൾ നല്ലതു അവന്റെ കാമുകി എന്നു പറയുന്നതാവും...

അവർ പരസ്പരം ഒരുപാടു സ്നേഹിച്ചിരുന്നുവെന്നും മനസിലാക്കിയിരുന്നുമെന്നുമാണു ഞാൻ കരുതിയിരുന്നത്. പക്ഷെ അതെന്റെ തോന്നൽ മാത്രമായിരുന്നു.

ഒരു സൗന്ദര്യപ്പിണക്കം എന്നതിനെ വിശേഷിപ്പികാമോ എന്നെനിക്കറിയില്ല.

പരസ്പരമുള്ള കുറ്റപ്പെടുതലുകൾ കാര്യങ്ങൾ വഷളാക്കി.

രണ്ടായിപ്പിരിഞ്ഞു എന്നു ഞാൻ അറിഞ്ഞപ്പോഴേക്കും അവർ രണ്ടു തലത്തിലെത്തിക്കഴിഞ്ഞിരുന്നു. എന്റെ സമാധാന ചർച്ചകൾ അവരുടെ വാശിയേ ഒട്ടും തളർത്തിയിരുന്നില്ല.

അതിൽപ്പിന്നെ അവൾ എന്നെ വിളിക്കാൻ ശ്രമിച്ചില്ല.എന്നോടു സംസാരിക്കാനും കൂട്ടാക്കിയില്ല.
എരിതീയിൽ എന്തിനു എണ്ണ എന്ന തോന്നലിൽ ഞാനും അവളെ കുറച്ചു നാൾ കണ്ടില്ല എന്നു നടിച്ചു..

ഇന്നവന്റെ കല്യാണദിവസമാണു....അതെനിക്കവളെ അറിയിച്ചേ തീരൂ....... അവളുടെ കാത്തിരിപ്പു എനിക്ക് അവസാനിപ്പിച്ചേ തീരൂ .......

ജീവഛവമായി......സ്നേഹത്തിന്റെ രക്തസാക്ഷിയായി മാറാൻ ഞാൻ അവളെ അനുവദിക്കില്ല...

ഈ യഥാർത്ഥ്യത്തെ അവൾ അഗീകരിക്കുമോ ???


Tuesday, March 6, 2012

ഒരു പാഴ്ച്ചെടി പോല്‍ അവളിന്നും .......

പീലി കണ്ണുകളുമായി ആദിത്യന്‍ എത്തുന്നതും കാത്തു അകലേക്ക്‌ കണ്ണും നട്ടിരിക്കുന്ന,,,, നന്നായി ചിരിക്കാന്‍ അറിയാവുന്ന , എല്ലാരുടെ ദുഃഖത്തിലും പങ്കു ചേരുന്ന ,  ഒരു  പാവമായിരുന്നു.. എന്റെ പ്രീത...

വേദനകളും ദുരിതങ്ങളും നേര്‍ത്ത ചിരിയിലൂടെ കടിച്ചമര്‍ത്തി ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ ജീവിച്ചിരുന്നു ...

അമ്മയുടെ മരണത്തോട് കൂടി അച്ഛനും അമ്മയും അവളും അടങ്ങുന്ന ആ ചെറിയ കുടുംബം താറുമാറായി .....

അവളുടെ ആറാമത്തെ വയസിലാണ്‌ അമ്മ എന്നേക്കുമായി യാത്ര പറഞ്ഞത്...പിന്നെ അച്ഛന്റെ ബന്ധുകള്‍ വീടും പറമ്പും അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ അച്ഛനെ അച്ഛന്റെ മുറപെണ്ണിനെ കൊണ്ട് കെട്ടിക്കുകയായിരുന്നു..
രണ്ടാനമ്മയുടെ പരിധിയില്‍ കവിഞ്ഞുള്ള പീഡനം കണ്ടു നില്‍ക്കാനാകാതെ,,വീട്ടിന്റെ അപ്പുറത്തുള്ള ആന്റി അവളെയും കൊണ്ട് പലായനം  ചെയ്തു എന്ന് പറയുന്നതാണ് സത്യം.. അടുത്തുള്ള സ്കൂളില്‍ പ്ലസ്‌ ടൂ വരെ പഠനം..പിന്നീടുള്ള കോളേജ് ജീവിതത്തിലാണ് അവള്‍ എന്റെ കൂട്ടുകാരി ആകുന്നത്‌ ..

ആദ്യ കാഴ്ച്ചയില്‍ തന്നെ വളരെ നാളത്തെ പരിചയം തോന്നി...  കുടുകുടാന്നുള്ള അവളുടെ ചിരിയും സംസാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചു .....

ഒരു പൂമ്പാറ്റയെ പോല്‍ പാറി നടന്നിരുന്ന അവള്‍ എല്ലാവരുടെ മനസിലും ഇടം നേടിയിരുന്നു ....
എല്ലാവരും അവളുടെ കൂട്ടുകാരായിരുന്നു ...ഒരിക്കല്‍ പരിച്ചയപെടുന്നവര്‍ അവളെ മറക്കാറില്ല ... മറക്കാനാവാത്ത വിധം  അവളില്‍ എന്തോ ഉണ്ട് എന്ന് എനിക്കും  തോന്നിട്ടുണ്ട് .... അവളുടെ എന്ത് പ്രശ്നവും മാറ്റി വച്ച് അവള്‍ എല്ലാവരെയും  സഹായിക്കുമായിരുന്നു ...ചെയ്യുന്ന  എല്ലാ കാര്യങ്ങളിലും അവള്‍ അളവില്ലാത്ത സന്തോഷം കണ്ടെത്തിയിരുന്നു ..

അങ്ങനെ സന്തോഷമാര്‍ന്ന അവളുടെ ജീവിതത്തിനു അക്കം കൂട്ടാന്‍ എന്നോണം വിവാഹ പ്രായത്തിനും മുന്നേ നമ്മുടെ  കോളേജിലെ സര്‍ അവളുടെ വീട്ടില്‍ വിവാഹം ആലോചിച്ചു ചെന്നു... ആ സര്‍ എല്ലാരുടെയും ആരാധന പാത്രം ആയിരുന്നു..... അവളെ സ്നേഹിക്കുന്ന എല്ലാരും സാറിന്റെ  തീരുമാനത്തോട്   യോജിച്ചു  നിന്നു....... അവളുടെ നല്ല മനസിന്നു ഒരു നല്ല ജീവിതം തന്നെ കിട്ടി... അവളും പതിയെ പതിയെ വിവാഹ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങി.....വേര്‍പാടിന്റെ വേദനയില്‍ നിന്നും അവള്‍ കരകയറാന്‍ തുടങ്ങി...........അവള്‍ സുമംഗലി ആകാന്‍ മനസു കൊണ്ട് തയ്യാറായി ............

കല്യാണത്തിനും നാലു ദിവസം മുന്‍പേ ക്ഷണക്കത്തൊക്കെ കൊടുത്തു അവള്‍ ക്ലാസ്സില്‍ നിന്നും വീട്ടില്‍ പോയി.. പോകാന്‍ ഇറങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു "എന്തോ ഒരു വിങ്ങല്‍ ...നിങ്ങളെയെല്ലാം പിരിഞ്ഞു പോകയാണു എന്ന് തോന്നുന്നു.."

എന്റെ മനസിലും ഒരു നീറ്റല്‍ ......മറുപടി കാത്തു നില്‍കാതെ അവള്‍ നടന്നു അകന്നു ..

അവളുടെ ജീവിതത്തില്‍ പതിയിരുന്ന ദുരന്തം ആരും അറിഞ്ഞിരുന്നില്ല......അത് പതിവ് പോലെ വീണ്ടും എത്തി നോക്കി ...

രണ്ടു ദിവസം കഴിഞ്ഞു ശൂന്യമായ മനസോടെ ഞാന്‍ കോളേജില്‍ എത്തി..... ഒറ്റയ്കായ പോലെ തോന്നി.... സ്ഥലകാല ബോധം ഇല്ലാതെ എന്തോ  ഓര്‍ത്തു മണികുറുകളോളം ക്ലാസ്സില്‍ ഇരുന്നു മടുത്തു പുറത്തിറങ്ങിയ ഞാന്‍  അറിയുന്നത്  സര്‍ റിസയിന്‍ ചെയ്യുന്നു എന്നാ വാര്‍ത്ത ആണു.....ഞാന്‍ സാറിന്റെ  അടുത്തേക്ക് ഓടി കാര്യം തിരക്കി... നിറ കണ്ണോടെ പലതും പുലംബിയതിനിടയില്‍ കുസുമഗിരി  മെന്റല്‍  ഹെല്‍ത്ത്‌  സെന്റര്‍ എന്ന് പറയാന്‍ ആ മനുഷ്യന്‍ ഒത്തിരി കഷ്ടപപെട്ടു...... ഈ നശിച്ച ദിവസങ്ങളെ മറക്കാന്‍,,,വേദനയെ ഒളിക്കാന്‍,,,,സ്വപ്നങ്ങളെ വെറുക്കാന്‍,,,,,,വേദനയില്‍ ചാലിച്ച കല്യാണ കുറിയുമായ്  സര്‍ നടന്നകന്നു   ..

എന്റെ  കണ്ണ്പീലികള്‍ ജലകണികയെ ഭേദിച്ച്  പ്രകാശത്തെ ആവാഹിക്കാന്‍ നന്നേ പണിപ്പെട്ടു...എനിക്ക്  എന്തു വേണമെന്നു അറിയില്ല.... ഭ്രാന്തിയെ പോലെ അലറി ഞാന്‍ ഹോസ്പിറ്റലിലേക്ക് ഓടി ...

അവിടെ...ഭീമാകാരമായ ഹോസ്പിറ്റലിന്റെ പടിവാതിലില്‍..മകള്‍ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖവും പേറി കരഞ്ഞു തളര്‍ന്നിരിക്കുന്നു ആന്റി ....ആ രൂപത്തിന്റെ നാവിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്നുവീന്ന സത്യങ്ങള്‍ എന്നെ സ്തംഭിപ്പിച്ചു ...

അവള്‍ അന്നു ശൂന്യമായ മനസോടെ  ബസില്‍   കയറി ഇരുന്നു ...  എന്തോ നഷ്ടപ്പെടാന്‍  പോകുന്നു എന്ന തോന്നല്‍ അവളുടെ മനസിനെ അലാട്ടതിരുന്നില്ല...

അവള്‍ വീട്ടിലേക്ക്  പോകന്നുള്ള വഴിയിലെ  സ്റ്റോപ്പിലിറങ്ങി ......നട്ടുച്ച സമയം .. അവള്‍ സൂര്യ രശ്മികളെ   കീറി മുറിച്ചു കൊണ്ടിരുന്നു ... വീടിനടുത്ത് എത്തിയതും ഒരു കാര്‍ അകലെ നിന്നും വരുന്നത്  കണ്ടു .. അത് അവളെ തേടിയായിരുന്നു  എന്ന് ആരും അറിഞ്ഞിരുന്നില്ല....

കാര്‍ അവളുടെ അടുത്ത് നിര്‍ത്തി നിഷാര ടെയിലേഴ്സ് എവിടെയാ എന്ന് ചോദിച്ചു .... 'ദെ അവിടെ'  എന്ന് പറഞ്ഞു അവള്‍  തിരിഞ്ഞതും  ഒരു ദൃഢമായ കരം അവളെ വരിഞ്ഞു .....

ആ കാര്‍ അവളെയും കൊണ്ട് പാഞ്ഞു .....

മകള്‍ വന്ന സന്തോഷത്തില്‍  അവളെ സ്വീകരിക്കാന്‍ ഓടി വന്ന അമ്മയുടെ നില വിളി അവിടുത്തെ ഏകാന്തതയ്ക്ക്  ഭംഗമുണ്ടാക്കി ....   ആ മാതൃ ഹൃദയം ജീവശ്ചവമായി  നിലം പതിച്ചു.....

തമസ്സു മാത്രം  താങ്ങായിരികവേ... അതെ സ്ഥലത്ത്  ആ കാര്‍ വന്നു നിന്നു....ആരോ എന്തോ അതില്‍  നിന്നു വലിച്ചെറിയുന്നതായി  തോന്നി എല്ലാരും ഓടി ചെന്ന് നോക്കി ...

അവളെ ഏതോ ചാവാലി പട്ടികള്‍ പിച്ചി ചീന്തി ജീവശ്ചവമാക്കി   ...

എന്റെ  പ്രീതയുടെ പവിത്രതയെ നിഷ്കരുണം കാറ്റില്‍  പറത്തി അവര്‍ പോയി ...ആരാണവര്‍ ??? അറിയില്ല ... അത് തിരക്കാനും  അവള്‍ക്ക്   ആരും ഇല്ലായിരുന്നു ..  ഒരു വയസായ കുഞ്ഞുങ്ങള്‍ പിച്ചവയ്ക്കാന്‍ പഠിക്കുന്ന പോലെ , കീറി പറിഞ്ഞ ചുരിദാറും അഴിഞ്ഞുലഞ്ഞ മുടിയും ചോരയില്‍ കുളിച്ച ശരീരവും മരവിച്ച മനസുമായ്  വേച്ചു വേച്ചു അവള്‍ വീട്ടിലേക്കു നടന്നു ... ബോധം തിരിച്ചു കിട്ടിയ അമ്മയുടെ പൊട്ടി കരച്ചിലില്‍   അവളുടെ മനസ്  അലിഞ്ഞിരുന്നില്ല ....അവള്‍ ഇരുട്ടിനെ ഭയന്നു ...കാറ്റിനെ ഭയന്നു..അവള്‍ക്ക് അവളെ തന്നെ ഭയമായി .. ഭ്രാന്തിന്റെ ലക്ഷണം ഒന്നും കാണിയ്ക്കാതിരുന്നിട്ടും , ഭ്രാന്തമായ് ചിന്തിയ്ക്കാതിരുന്നിട്ടും , ചങ്ങലയ്ക്കിടാതിരുന്നിട്ടും ഭ്രാന്തി എന്ന  മുദ്രകുത്തി    ഇന്നും  അവള്‍ എന്തിനോ വേണ്ടി ലോകമറിയാതെ കിടക്കുന്നു ......

ഒരു പാഴ്ച്ചെടി പോല്‍.................

Friday, November 13, 2009

കൊഴിഞ്ഞ മോഹം

പട്ടു ചുറ്റി മുല്ലപ്പൂവും വച്ച് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നന്നഞ്ഞിരുന്നു ..ഉമ്മറത്ത്‌ നാലു പേര്‍ ഒരു അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കിയിരിക്കയാണ് ...


എനിക്കിതൊരു ആദ്യാനുഭവം അല്ല ...


ഇരുപത്തിഎട്ട് വര്‍ഷമേ ആയുള്ളൂ ഞാന്‍ ഈ ഭൂമി കാണാന്‍ തുടങ്ങിയിട്ട് .... പക്ഷെ
അഞ്ചു വര്‍ഷം കൊണ്ട് മുപ്പതു പേര്‍ എന്നെ കാണാന്‍ വന്നു ....


ഇപ്പോ ഒരു തരം മരവിപ്പാ..എന്‍റെ സൗന്ദര്യം കൊണ്ടോ , കുടുംബ മഹിമ കൊണ്ടോ... വരുന്നവര്‍ക്കെല്ലാം പെണ്ണല്ല , പൊന്നാ വേണ്ടത് ...


ആറ് സെന്റ് മണ്ണും ഒരു വീടും എനിക്ക് താഴെ രണ്ടു പെങ്ങമ്മാരും ഉള്ളവര്‍ക്കു എവിടെന്നാ പൊന്ന് ... അച്ഛന്‍ എല്ലാം ഉഴിഞ്ഞു വച്ച് വളരെ നാളായി സുഖമായി ഉറങ്ങുകയാണ്.....


പലതും പഠിച്ചിട്ടും , ടെസ്റ്റുകള്‍ ചവറു പോലെ എഴുതി കൂട്ടിയിട്ടും , വീട്ടിന്‍റെ പിന്നാം പുറത്ത്‌ 'പോസ്റ്റ്‌' എന്ന വിളിക്ക് കതോര്‍ത്തിരിക്കയാണ് ഞാന്‍ ...

അപ്പോഴാണ് അറിഞ്ഞത് ഇവിടെ അടുത്തൊരു കമ്പനിയുടെ ബ്രാഞ്ച് തുടങ്ങുന്നു ... ബയോഡേറ്റാ കൊണ്ട് കൊടുക്കണം .. ഇന്റര്‍വ്യൂ മാത്രമേ ഉള്ളു ..

ഞാന്‍ പ്രതീക്ഷയുടെ ആ തുറന്ന കവാടത്തിലേക്ക് ചെന്നു.....
' യു ആര്‍ അപ്പൊയിന്റെഡ് ' എന്നത് ഒഴിച്ചാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ...

മഴ കാത്തിരിക്കുന്ന വേഴാംമ്പലിനു ഈശ്വരന്‍ ചാറ്റല്‍ മഴ കൊടുത്ത പോലെ ആയിരുന്നു അവരുടെ വാക്കുകള്‍......
പലതും മറക്കാനും എന്തില്‍ നിന്നോ ഒളിച്ചോടാനുമുള്ള മാര്‍ഗ്ഗമായിരുന്നു എനിക്കാജോലി .....
ജനിച്ചു പോയത് കൊണ്ട് ജീവിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ എന്‍റെ ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

മെയിന്‍ ഓഫീസില്‍ നിന്നും എം ഡി വരുന്ന ദിവസം ഞാന്‍ വളരെ താമസിച്ചാണ് ഓഫീസില്‍ എത്തിയത് ... ഓരോരുത്തരായി സാറിനെ കണ്ടു അവരവരുടെ വര്‍ക്ക്‌ സബ്മിറ്റ് ചെയ്യുകയാണ് ...

എന്‍റെ ഊഴമായി ....ഞാന്‍ അകത്തേക്ക് കയറി ഫയല്‍ കൊടുക്കാന്‍ തുടങ്ങവേ എന്‍റെ കൈകള്‍ വിറച്ചു .. എന്‍റെ അകത്തളത്തില്‍ ഒരു പേര് മുഴങ്ങി കേട്ടു..

കിച്ചു ....

ഒരു പാട് മോഹങ്ങള്‍ മനസ്സില്‍ കോരിയിട്ട് , നൂറായിരം വാഗ്ദാനങ്ങള്‍ തന്ന് , ഒടുവില്‍ പ്രാരാബ്ദത്തിന്‍റെ ഭാണ്ട കെട്ടുകള്‍ എന്‍റെ മുന്നിലേക്ക് അഴിച്ചിട്ടു , കാത്തിരിക്കുമോ എന്ന് ഒരു വാക്ക് പോലും ചോദിയ്ക്കാതെ , ചേട്ടന്‍ കൊടുത്ത ദുബായിലേക്കുള്ള വിസിറ്റിംഗ് വിസ , എന്ന കച്ചി തുരുമ്പില്‍ പിടിച്ചു കയറാന്‍ അവന്‍ പോയി .....

അന്നു തൊട്ട് ഇന്നു വരെ എന്‍റെ കണ്ണുനീര്‍ ചാലിലെ ജീവിതത്തിനിടയില്‍ , ആഗ്രഹമുണ്ടായിട്ടും അവന്‍ എവിടെയാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല .....


എന്തൊക്കെയോ പറഞ്ഞു ഫയല്‍ കൊടുത്തു അവിടെന്ന് ഇറങ്ങാന്‍ ഞാന്‍ വളരെ പണിപ്പെട്ടു ...

പിന്നെ എന്‍റെ മനസും ചിന്തകളും എന്നെ അനുസരിക്കുന്നുണ്ടായിരുന്നില്ല ....

ശരത് കാലത്തെ മഞ്ഞു വീഴ്ച പോല്‍ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കീ ബോര്‍ഡില്‍ പതിച്ചു കൊണ്ടിരുന്നു ...

ഘടികാരത്തിലെ സൂചിയുടെ ചലനങ്ങള്‍ എണ്ണി ഞാന്‍ ദിവസം തള്ളി നീക്കി ..

നെഞ്ചിലെ കനല്‍ തീയില്‍ എരിഞ്ഞടങ്ങും മുന്‍പേ , മകളുടെ മംഗല്യം ഒന്ന് നടന്നു കണാന്‍ ആഴ്ചയിലെ ഏഴു ദിവസവും വ്രതം നോറ്റ് കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക്‌ ഞാന്‍ ഓടി ...

അസ്തമിക്കാന്‍ വെമ്പുന്ന ആദിത്യ ഭഗവാന്‍റെ ഇളം വെയിലും , പടിഞ്ഞാറു നിന്ന് വീശുന്ന നേര്‍ത്ത കാറ്റും എന്‍റെ ഏക ആശ്വാസമായി കരുതി ഞാന്‍ നടന്നു ....

പെട്ടെന്ന് ഒരു കാര്‍ എന്‍റെ അടുത്ത് വന്നു നിന്നു....പാന്റും ഷര്‍ട്ടും ഷൂവുമണിഞ്ഞ് വേദനയില്‍ ചാലിച്ച ഒരു ചിരിയുമായി അവന്‍ ഡോര്‍ തുറന്നിറങ്ങി ...

അതെ കിച്ചു ..

അവന്‍ ഒരുപാട് മാറിയിരിക്കുന്നു ...

ഒരുമിച്ചു നെയ്ത സ്വപ്നങ്ങളുടെയും , അറിയാതെ ചെയ്തുപോയ പിഴവുകളുടെയും തൂക്കം നോക്കി കുമ്പസാര കൂട്ടില്‍ നില്‍ക്കയാണ്‌ അവന്‍ ....

എന്‍റെ തേങ്ങലിന്‍ ഈരടി എന്നോണം മുപ്പത്തി ഒന്നാമത്തെ ആളാക്കാന്‍ അവന്‍ തയ്യാറായി ...

പരിഭവത്തോടെ ആണെങ്കിലും എന്‍റെ കണ്ണുകള്‍ മിന്നിയത് അവനു ആശ്വാസമായപോലെ തോന്നി .......

എനിക്കും എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ...

സന്തോഷം തുളുമ്പുന്ന മനസോടെ അമ്മക്ക് ആശ്വാസമേകാനായ്‌ വീട്ടു പടിക്കല്‍ എത്തിയതും പതിവിലും വിപരീതമായ് അമ്മയുടെ മുഖത്തെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി .... എന്‍റെ മനസ് വായിച്ചറിഞ്ഞ പോലെ അമ്മ എന്നെ വാരി പുണര്‍ന്നു .... അമ്മയുടെ ഹൃദയത്തിന്‍ മിടിപ്പ്‌ എന്‍റെ രക്ത ധമനികള്‍ക്ക് ആക്കം കൂട്ടി ...

" മോളെ വിവാഹത്തിന് അവര്‍ സമ്മതിച്ചു ... എന്‍റെ പ്രാര്‍ത്ഥന ഭഗവന്‍ കേട്ടു .. ...മാത്രമല്ല അവരുടെ ഒരു ബന്ധു , നിന്‍റെ അനിയത്തിയെ കാണാന്‍ വരുന്നുണ്ട് ...രണ്ടിനും സ്ത്രീധനം ഒന്നും വേണ്ട .. കാശ്‌ തികയ്ക്കാന്‍ ഓടണ്ടല്ലോ മോളെ ...ഉള്ളത് കൊടുത്ത മതിയല്ലോ ...സമാധാനമായി .. ഞാന്‍ വാക്ക് കൊടുത്തു .."

ആഹ്ലാദത്താല്‍ തിരതല്ലി , എനിക്ക് വേണ്ടി നോമ്പ്‌ നോറ്റ് ജീവശ്ചവമായി നില്‍കുന്ന ആ മാതൃസ്നേഹത്തിനു മുന്നില്‍ എനിക്ക് ഒന്നും വെളപ്പെടുത്താനായില്ല ..

അനിയത്തിക്കുട്ടിയുടെ നിഷ്ക്കളങ്കമായ ചിരിയും എന്നെ വിലക്കി...

എന്തോ ഒരു വിങ്ങല്‍ ..

എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

ഓഫീസില്‍ എനിക്കിനി ജോലി ഇല്ല എന്നും പറഞ്ഞ് , എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ , തലവേദന എന്ന കള്ളത്താല്‍ ഞാന്‍ കട്ടിലിലേക്ക് ചായുമ്പോള്‍ എന്‍റെ ഹൃദയം ആരോ കീറി മുറിക്കുന്നുണ്ടായിരുന്നു ....

കരുത്തില്ലായ്മ ആണോ ത്യഗമാണോ എന്‍റെ ഈ അവസ്ഥക്ക് കാരണം എന്നറിയില്ല ...

എന്തോ കടമ ചെയ്ത ചാരിതാര്‍ത്ഥ്യം ഒഴിച്ചാല്‍ എന്‍റെ മനസ് ശൂന്യമായിരുന്നു....

എന്‍റെ വിധി ഞാന്‍ തിരഞ്ഞെടുത്തതാണോ ..അതോ ദൈവ ഇംഗിതമോ????

അറിയില്ല.....



Wednesday, November 11, 2009

മകളെ നിനക്കായ് മാത്രം....

കുറെ കാലത്തിനു ശേഷം വീട്ടില്‍ വന്നതിനാല്‍ ചടഞ്ഞിരിയ്ക്കാനായിരുന്നു ആഗ്രഹം..എങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്ഷേത്രത്തില്‍ പോകുവാന്‍ തീരുമാനിച്ചു ..കുളിച്ചു മുണ്ടുടുത്ത് ക്ഷേത്രനടയില്‍ എത്തിയപോള്‍ ദീപാരാധന സമയം ആയിരുന്നു...

ഭഗവാനേ കൃഷ്ണാ....

പണ്ട് എല്ലാ ദിവസവും വന്നു തൊഴുമായിരുന്നു...ജീവിതത്തിരക്കുകളില്‍ നഷ്ട്ടമായ നല്ല നിമിഷങ്ങള്‍...

ആരോ അഷ്ടപതി പാടുന്നുണ്ട്...

" വന്ദേ മുകുന്ദ ഹരേ...ജയ ശൗരേ സന്താപഹാരി മുരാരേ....
  ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്‍റെ ദ്വാരക പുരി എവിടെ....
  പീലി തിളക്കവും കോലകുഴല്‍ പാട്ടും അമ്പാടി പൈക്കളും എവിടെ...
  ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ജിലെന്‍ ആത്മപ്രണാമം ...
  പ്രേമ സ്വരൂപനാം സ്നേഹ സാധീര്‍ത്ഥ്യന്‍റെ കാല്‍കലെന്‍ കണ്ണീര്‍ പ്രണാമം... "

ദീപാരാധന സമയത്ത് സോപാനതിനടുത്തു നിന്ന് ഇടക്ക കൊട്ടി അഷ്ടപതി പാടുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാണ് ..ഭഗവാനോടുള്ള അചഞ്ചലമായ ഭക്തി നിറച്ചുള്ള എന്‍റെ പാട്ടു കേള്‍ക്കുവാന്‍ വേണ്ടി മാത്രം അന്നവള്‍ വരുമായിരുന്നു ...

മണി മുഴക്കി കൊണ്ട് നട തുറന്നു ..ഞാന്‍ ചിന്തകളെ വിട്ട് വീണ്ടും ദ്വാരകാധീശനെ വണങ്ങി....

മഞ്ഞ പട്ടുടുത്തു , ചുണ്ടില്‍ ഓടക്കുഴലും ചേര്‍ത്ത് ഒരു കള്ള ചിരിയോടെ നില്‍ക്കുന്ന കണ്ണന്‍....എന്‍റെ മനസ് നിറഞ്ഞു ..അമ്മ നിര്‍ബന്ധിച്ചതു വെറുതെ ആയില്ല..

തിരുമേനി ഓരോ പേരു ചൊല്ലി പുഷ്പാഞ്ജലി പ്രസാദം കൊടുത്തു തുടങ്ങി ... ഞാന്‍ കണ്ണടച്ച് തൊഴുതു നില്‍ക്കയാണ് ...

വൈഗ ..മകയിരം ..

അവിശ്വസനീയമായതെന്തോ കേട്ടു ഞാന്‍ കണ്ണുകള്‍ തുറന്നു...അദ്ദേഹം വീണ്ടും ശബ്ദമുയര്‍ത്തി വിളിച്ചു ..

വൈഗ..മകയിരം ..

വെള്ള പട്ടുപാവാട അണിഞ്ഞ ഒരു ആറു വയസുകാരി ആ പ്രസാദം വാങ്ങി ...

ഞാന്‍ ആ കുട്ടിയെ സൂക്ഷിച്ചുനോക്കി ....കണ്ടു മറന്ന മുഖം ..ആ കുട്ടി ഒറ്റക്കാണ്...

പോകുവാനുള്ള തിരക്കില്‍ പെട്ടെന്ന് തൊഴുതിറങ്ങിയ ആ കുട്ടിയേ ഞാന്‍ വിളിച്ചു ...

വൈഗാ...എന്‍റെ ശബ്ദം ഇടറിയോ..?? അറിയില്ല ...

വിളിക്കാന്‍ കൊതിച്ചിരുന്ന ആ പേര് വിളിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..

തിരിഞ്ഞു നിന്ന കുട്ടിയുടെ കണ്ണുകളിലെ തിളക്കം എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ തിരഞ്ഞു ...

ഞാന്‍ ചോദിച്ചു...

മോളുടെ പേര് വൈഗ എന്നല്ലേ ...

ആ അതെ ..അങ്കിള്‍...വൈഗ...

മോളുടെ വീട് എവിടെയാ ??

ഇവിടെ അടുത്താ പുഴയുടെ അക്കരെ ...

മോളുടെ വീട്ടില്‍ ആരൊക്കെ ഉണ്ട് ??

അമ്മ,,,, അപ്പൂപ്പന്‍,,,, അമ്മൂമ്മ,,,,അമ്മാവന്‍,,,.

അപ്പോള്‍ മോളുടെ അച്ഛനോ ??

അച്ഛനും അമ്മയും പിണക്കത്തിലാ...അത് കൊണ്ട് അച്ഛന്‍ അച്ഛന്‍റെ വീട്ടിലാ ..അമ്മയും ഞാനും ഇവിടെ ..

ആരാ മോള്‍ക്ക്‌ വൈഗ എന്നു പേരിട്ടത് ??

അമ്മയാ..

ഓഹോ .അമ്മയുടെ പേരെന്താ??

രാധിക....

എന്‍റെ വാതാലപുരേശാ...കൃഷ്ണാ...

ഞാന്‍ നടുങ്ങി ..

രാധിക....

എന്‍റെ....എന്‍റെ മാത്രമായിരുന്ന രാധിക....

ഭാരതപുഴയിലെ ഓളങ്ങളെ തഴുകി വരുന്ന കാറ്റേറ്റു...തീരത്തെ മണലില്‍ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ചു ഏതോ ചിന്തയില്‍ മുഴകി അവളെയും പ്രതീക്ഷിച്ചു ഞാന്‍ കിടക്കുമായായിരുന്നു...രാധിക...പ്രകൃതിയെ പോലും വെല്ലുന്ന അവളുടെ രൂപം അവര്‍ണ്ണനീയം...അടുത്തത് പെട്ടന്നായിരുന്നു...ഒരേ തലത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദം...പിന്നീടെപ്പോളോ പ്രണയമായി....കളി ചിരികള്‍ക്കിടയില്‍ എപ്പോഴെക്കൊയോ പറഞ്ഞിരുന്നു മകന്‍ ജനിച്ചാല്‍ ശംഭു എന്നും മകള്‍ ജനിച്ചാല്‍ വൈഗ എന്നും പേരിടണം ...

പരസ്പരം നല്ലതു പോലെ അറിഞ്ഞിരുന്നെന്നാണ് ഞങ്ങള്‍ കരുതിയത്‌...പക്ഷേ എപ്പോളാണെന്നറിയില്ല മാനസികമായ ആ ധാരണ നഷ്ട്ടപ്പെട്ടു...ആരുടെ തെറ്റാനെന്നറിയാന്‍ പോലും ശ്രമിച്ചില്ല...പരസ്പരം തടഞ്ഞില്ല...അകന്നത് വളരെ പെട്ടന്നായിരുന്നു....അടുത്തതിനെക്കാള്‍ ഇരട്ടി വേഗത്തില്‍...

കണ്ണുകള്‍ നിറഞ്ഞു ഞാന്‍ ശ്രീ കോവിലിലേക്ക് നോക്കി ..

അങ്കിള്‍...ഞാന്‍ പോട്ടെ ...

വൈഗ നടന്നു നീങ്ങി .. എന്‍റെ കണ്ണെത്തും ദൂരെ വരെ ഞാനും സഞ്ചരിച്ചു ...പക്ഷെ എന്‍റെ കണ്ണ്നീര്‍ തുള്ളികള്‍ വൈഗയെ മറച്ചു ..

കുണുങ്ങി കുണുങ്ങി ഉള്ള വൈഗയുടെ ആ നടത്തം രാധികയെയാണ് ഓര്‍മ്മിപിച്ചത്..

ഭാരതപ്പുഴയില്‍ തട്ടി പ്രതിഫലിചിരുന്ന സൂര്യരശ്മികളെ വകഞ്ഞ്...പുഴ കടന്നു...ദേവനെ കാണാന്‍ വരുന്ന ദേവിയെ ഞാന്‍ ഓര്‍ത്തു ..

" അച്ഛാ ഞാന്‍ പോട്ടെ .... " എന്നു തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു ..

പക്ഷെ അപ്പോഴേക്കും വൈഗ ഒത്തിരി ദൂരെ എത്തിയിരുന്നു..

Friday, November 6, 2009

മറക്കാത്ത ഓര്‍മ്മ...

ചന്തു എന്‍റെ കൂട്ടുകാരനായിരുന്നു...ഞാന്‍ കാത്തിരുന്നു കിട്ടിയ കൂട്ടുകാരന്‍...
രണ്ടു വര്‍ഷത്തെ പരിചയം രണ്ടു ജന്മത്തെ അടുപ്പമായി മാറി ...
എന്നും ഒരു കുസൃതി ചിരിയോടെ എന്‍റെ അടുത്ത് വന്നിരുന്ന അവന്‍ എനിക്ക് എല്ലാം ആയിരുന്നു ...
എന്‍റെ കണ്ണ് നനയാന്‍ അവന്‍ അനുവദിച്ചിരുന്നില്ല ...


ഞാന്‍ അറിയാതെ,,,എന്‍റെ മനസ് അറിയാതെ,,,,,ഞാന്‍ അവനിലേക്ക്‌ അടുക്കുകയായിരുന്നു ....അതോ എന്നെ അവന്‍ വലിച്ചടുപ്പിക്കയായിരുന്നോ ????? 
അറിയില്ല ...
എന്‍റെ മനസ്സില്‍ മോഹങ്ങള്‍ നാമ്പിട്ടു തുടങ്ങിയ നിമിഷം,,,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ എന്‍റെ നാവുകള്‍ വെമ്പി ...


പക്ഷെ ....എന്താവും മറുപടി എന്നോര്‍ത്ത് , ഞാന്‍ ആ ഇഷ്ടത്തെ മനസ്സില്‍ വെച്ചു താലോലിച്ചു...


കാത്തിരിന്നു ഞാന്‍.... നിന്നെ എനിക്ക് വേണമെന്നു പറയുന്ന ആ നിമിഷത്തിനു വേണ്ടി ...


എന്തിനു വേണ്ടി എന്നറിയാതെ...പലപ്പോഴും ഞാന്‍ വിങ്ങിപ്പൊട്ടി കരഞ്ഞു ....
അവനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ലാരുന്നു ...


അവന്‍റെ സാന്നിധ്യത്തില്‍ എന്‍റെ ഹൃദയവേഗം പോലും കൂടുമായിരുന്നു ...


പലതും ഞാന്‍ പറയാതെ പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് നേര്‍ത്ത പുഞ്ചിരിയും മൌനവും ആയിരുന്നു ...


അത് എന്നിലെ മോഹങ്ങള്‍ക്കു ആക്കം കൂട്ടി ...


പലപ്പോഴും അവന്‍ എന്നില്‍ നിന്നും എന്തോ ഒളിക്കുന്നതായി തോന്നി ....ചോദിച്ചപ്പോഴെല്ലാം പഴയ ആ പുഞ്ചിരിയും മൌനവും....


പ്രതീക്ഷതന്‍ നാമ്പ് പൊട്ടി വളര്‍ന്ന നേരത്തായിരുന്നു അവന്‍ എന്നെ ഐസ്ക്രീം പാര്‍ലറിലേയ്ക്കു വിളിച്ചതു...


ഇതു വരെ പറയാതിരുന്ന ഒരു കാര്യം പറയാന്‍ ആണ് ...ഇനിയും വൈകികൂടാ എന്നവന്‍ കൂട്ടി ചേര്‍ത്തു...


എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു..


ജന്മ ജന്മാന്തരങ്ങളില്‍ ബാക്കി വച്ച സ്വപ്‌നങ്ങള്‍ ഞാന്‍ ഒരു രാത്രി കൊണ്ട് കണ്ടു തീര്‍ത്തു ...
എന്‍റെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു...
കൂടെ ഒരു നേര്‍ത്ത പേടിയും .....
എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..


രാവിലെ പോകാന്‍ ഇറങ്ങിയപ്പോള്‍ കണ്ണാടിയിലെ എന്‍റെ മുഖത്തിനു പതിവിലേറെ സൌന്ദര്യം ഉണ്ടെന്നെനിക്ക് തോന്നി ...


അവന്‍ എന്നെ കാത്തു നില്‍ക്കുന്നു ..
എതിര്‍ വശത്ത് കസേര ഉണ്ടായിട്ടും,,,,വളരെ നാളായി ഞാന്‍ കൊണ്ട് നടന്ന സ്വപ്നം സഫലമാകുന്നു എന്ന സത്യം എനിക്കു ബോധ്യപ്പെടാന്‍ ഞാന്‍ അവന്‍റെ അടുത്ത് ഇരുന്നു ...


ഐസ്ക്രീം കുടിക്കുന്ന വ്യാജേന അക്ഷമയായി ഇരുന്ന എന്‍റെ നേര്‍ക്ക് അവന്‍ ഒരു ലെറ്റര്‍ നീട്ടി ...
ആദ്യമായ്‌ കാണുന്നതു പോലെ ഞാന്‍ അതു വാങ്ങി ...


എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആഗ്രഹത്തില്‍ അതു തുറക്കവേ...


ചന്തു 


വെഡ്സ്


ചിപ്പി


എന്‍റെ കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെ തോന്നി...


അതെ അവന്‍റെ കല്യാണ ലെറ്റര്‍ തന്നെ...


ഒന്നു കൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ വധുവിന്‍റെ സ്ഥാനത്ത് എന്‍റെ പേര് ആയിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ ...


ബൌളിലെ ഐസ്ക്രീം തീ കട്ടകള്‍ ചാലിച്ചതായിരുന്നു ...


കണ്ണുകള്‍ വിടര്‍ത്തി വച്ച്,,,വാതോരാതെ സംസാരിച്ച്‌, എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്‌ ഞാന്‍ കടിഞ്ഞാണിട്ടു....


താലി കെട്ടുമ്പോള്‍ ഞാന്‍ കൂടെ ഉണ്ടാകും എന്ന ഉറപ്പ് കൊടുത്തു അവനെ പറഞ്ഞയക്കുമ്പോള്‍ എന്‍റെ ഹൃദയത്തിനുള്ളിലെ അഗ്നിപര്‍വതം തൊണ്ടയിലെവിടെയോ കുരിങ്ങുകയായിരുന്നു....


ഒരു ചെറു ചിരിയോടെ  അകലുന്ന അവനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല...


ഒരു നേര്‍ത്ത ജലത്തുള്ളി എന്‍റെ കാഴ്ചയെ മറച്ചിരുന്നു .....


എന്തിന്നായിരുന്നു....ഈ ജന്മം....??????

Thursday, October 29, 2009

എന്‍റെ സ്വന്തം കല്ലുവിനായ്‌....

നിനക്ക് ഒരിക്കലും എന്നിലേക്കടുക്കുവാന്‍ കഴിയില്ല എന്ന സത്യം ഞാന്‍ മനസിലാകുന്നു ..
എത്ര പരിശ്രമിച്ചാലും ഒരു ചരട് നിന്നെ പുറകോട്ടു വലിക്കും ..
എന്‍റെ  പാപത്തിന്‍റെ  ചരടായിരിക്കാമത്....


നോക്കത്താ  ദൂരത്തു എത്തിയാലും നീ എന്നെ കാണും...
കാരണം ...അറിഞ്ഞോ അറിയാതെയോ നീയാണ് എന്‍റെ മനസ്...


നിനക്ക് ഞാന്‍ ഒരു സ്ഥാനം തന്നിട്ടില്ലാരുന്നു ..
പക്ഷെ...
എല്ലാ സ്ഥാനത്തും നീയാണ് എന്നതായിരുന്നു സത്യം ..


സ്നേഹത്തിന്‍റെ  ആഴവും പരപ്പും കണക് കൂട്ടി തന്നത് നീയാണ് ..
അതേ നീ തന്നെ പറയുന്നു,,, എല്ലാം തോന്നലാണെന്നു...
ഏതാണ്‌ ശരി ??

ഒന്നും എനിക്ക് പിടിച്ചു വാങ്ങാന്‍ കഴിയില്ലലോ ..
പ്രതേകിച്ചു നിന്നെ ..
എല്ലാം ഞാന്‍ എന്‍റെ ആശകളായി കരുതി കുഴിച്ചു മൂടുന്നു ..
നിന്നിലെ സ്നേഹത്തിന്‍റെ ഉറവ വറ്റിയപ്പോഴാണോ,,, ഞാന്‍ നിന്നെ തേടി വന്നത് ??
അറിയില്ലെനിക്ക്...


എന്‍റെ കണ്ണുനീരുകള്‍ എന്നില്ലാത്താകുന്നുവോ....അന്നേ എനിക്കു നിന്നെ അകറ്റാനാകു...


നീ ആഗ്രഹിക്കുന്ന സ്നേഹവും ജീവിതവും കിട്ടട്ടെ എന്ന്  ആഗ്രഹിച്ചു കൊണ്ട്....എന്‍റെ കണ്ണുനീരുറവകള്‍ വറ്റല്ലേ  എന്ന പ്രാര്‍ത്ഥനയോടെ...
നീ തന്ന അമൂല്യമായ സ്നേഹം വാരി പുണര്‍ന്നു.....നിന്നിലലിയുന്നു... നിന്‍റെ... നിന്‍റെ മാത്രം സ്വന്തം........................

Wednesday, October 14, 2009

ഒരു സ്വപ് നം



ഒരു തടി ബഞ്ചിലെ അറ്റത്ത്,,,, കൈകള്‍ രണ്ടും മടക്കി ഡസ്ക്കില്‍ വച്ച് അതിന്മേല്‍ തല ചായ്ച്ചു കിടകയാണ് ഞാന്‍ ....  


എന്‍റെ കൈകള്‍ അനങ്ങുന്നില്ല..ശരീരം ചലിക്കുന്നില്ല ..... എങ്കിലും കണ്ണുനീര്‍ തുളളികള്‍ അടര്ന്നു വീഴാന്‍ മറന്നിരുന്നില്ല ...ഏതോ ജന്മത്തെ പാപമെന്നോണം പലതും ഓര്ത്തു അടക്കിപിടികാനാവാതെ ഞാന്‍ വിങ്ങുകയാണ്.....  


എന്‍റെ ഞരക്കം ക്ലാസ് മുറിയിലെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചുവോ..... അലയടിക്കുന്ന നേര്ത്ത കാറ്റുകള്‍ അറിയുഞ്ഞുവോ??.... ഗദ്ഗദം ഉയര്ന്നു കേള്ക്കാന്‍ തുടങ്ങവെ.....  


എന്‍റെ ചുമലില്‍ ഒരു കൈ സ്പര്ശം... ഞാന്‍ ഉണരാന്‍ വൈകിയോ ?? എന്‍റെ ഹൃദയസ്പന്ദനത്തിന്‍റെ വേഗം കൂടിയോ?? ...ഞാന്‍ ..തല ഉയര്ത്തി.. ' ശ്രീ '..എന്ന ഇടറുന്ന ആ ധ്വനി എന്‍റെ കണ്ണീരിനെ നീരാവി ആക്കിയതു പോലെ തോന്നി.... ആ കണ്ണുകള്‍ എന്നെ ഉറ്റു നോക്കുന്നു..... ആ കൈകള്‍ എന്നെ മുറുകെ പിടിച്ചപോള്‍ തലോടിയപോള്‍ എന്തോ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു എന്ന തോന്നല്‍ ...  


ഞാന്‍ ചിരിച്ചു....  


സ്നേഹത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിലെ വഞ്ചനയുടെയും യാതനയുടെയും അവഗണനയുടെയും അനുഭവങ്ങള്‍ പുലമ്പവേ പൊട്ടി കരഞ്ഞ എന്‍റെ കണ്ണുനീര്‍ ഒപ്പി എന്നോട് പറഞ്ഞു...ഇനി കരയരുത്. ഞാന്‍ ഉണ്ട് ....ആ വാക്കുകള്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ ആഗ്രഹിച്ചതെല്ലാം തന്നു....


പിന്നെയുള്ള എല്ലാ നാളുകളും എനിക്ക് കൂട്ടായി.....ഒരു കാറ്റായി......ഒരിക്കലും തോരാത്ത മഴയായി.......ഈശ്വരന്‍റെ നിധിയായി.......ഞാന്‍ കാത്തു സൂക്ഷിച്ചു.. എന്നെ സ്നേഹം കൊണ്ട് മൂടി.....ഞാന്‍ ഒരു പൂമ്പാറ്റയായ് പാറി.... എന്നും ഇതു പോലെ ആയിരിക്കണം എന്‍റെ ജീവിതം എന്ന് ഞാന്‍ ആഗ്രഹിച്ചു.... ഇനി എനിക്ക് വേറെ ആരും വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു ...എന്‍റെ ഉള്ളില്‍ ആഗ്രഹങ്ങളുടെ നാമ്പ് പൊട്ടി മുളക്കുന്നുവോ???


കാലചക്രത്തിന്റെ ചലനം ഞാന്‍ അറിയുന്നില്ല ......  


പെട്ടെന്ന് അതാ എന്‍റെ സന്തോഷം തുളുമ്പുന്ന ജീവിതത്തെ കീറി മുറിച്ചൊരു ഗര്‍ജനം....സൈലെന്സ് പ്ലീസ്....  


ബ്ലോക്ക് ഡയഗ്രാമുകള്‍ ബോ ബോര്‍ഡില്‍ തെളിഞ്ഞു മാഞ്ഞപോഴും ഞാന്‍ ആ യാന്ത്രിക ലോകത്തായിരുന്നു....എപ്പോഴൊക്കെയോ യാഥാര്ത്യമായെങ്കില്‍ എന്ന ചിന്തയും.....