Friday, November 13, 2009

കൊഴിഞ്ഞ മോഹം

പട്ടു ചുറ്റി മുല്ലപ്പൂവും വച്ച് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നന്നഞ്ഞിരുന്നു ..ഉമ്മറത്ത്‌ നാലു പേര്‍ ഒരു അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കിയിരിക്കയാണ് ...


എനിക്കിതൊരു ആദ്യാനുഭവം അല്ല ...


ഇരുപത്തിഎട്ട് വര്‍ഷമേ ആയുള്ളൂ ഞാന്‍ ഈ ഭൂമി കാണാന്‍ തുടങ്ങിയിട്ട് .... പക്ഷെ
അഞ്ചു വര്‍ഷം കൊണ്ട് മുപ്പതു പേര്‍ എന്നെ കാണാന്‍ വന്നു ....


ഇപ്പോ ഒരു തരം മരവിപ്പാ..എന്‍റെ സൗന്ദര്യം കൊണ്ടോ , കുടുംബ മഹിമ കൊണ്ടോ... വരുന്നവര്‍ക്കെല്ലാം പെണ്ണല്ല , പൊന്നാ വേണ്ടത് ...


ആറ് സെന്റ് മണ്ണും ഒരു വീടും എനിക്ക് താഴെ രണ്ടു പെങ്ങമ്മാരും ഉള്ളവര്‍ക്കു എവിടെന്നാ പൊന്ന് ... അച്ഛന്‍ എല്ലാം ഉഴിഞ്ഞു വച്ച് വളരെ നാളായി സുഖമായി ഉറങ്ങുകയാണ്.....


പലതും പഠിച്ചിട്ടും , ടെസ്റ്റുകള്‍ ചവറു പോലെ എഴുതി കൂട്ടിയിട്ടും , വീട്ടിന്‍റെ പിന്നാം പുറത്ത്‌ 'പോസ്റ്റ്‌' എന്ന വിളിക്ക് കതോര്‍ത്തിരിക്കയാണ് ഞാന്‍ ...

അപ്പോഴാണ് അറിഞ്ഞത് ഇവിടെ അടുത്തൊരു കമ്പനിയുടെ ബ്രാഞ്ച് തുടങ്ങുന്നു ... ബയോഡേറ്റാ കൊണ്ട് കൊടുക്കണം .. ഇന്റര്‍വ്യൂ മാത്രമേ ഉള്ളു ..

ഞാന്‍ പ്രതീക്ഷയുടെ ആ തുറന്ന കവാടത്തിലേക്ക് ചെന്നു.....
' യു ആര്‍ അപ്പൊയിന്റെഡ് ' എന്നത് ഒഴിച്ചാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ...

മഴ കാത്തിരിക്കുന്ന വേഴാംമ്പലിനു ഈശ്വരന്‍ ചാറ്റല്‍ മഴ കൊടുത്ത പോലെ ആയിരുന്നു അവരുടെ വാക്കുകള്‍......
പലതും മറക്കാനും എന്തില്‍ നിന്നോ ഒളിച്ചോടാനുമുള്ള മാര്‍ഗ്ഗമായിരുന്നു എനിക്കാജോലി .....
ജനിച്ചു പോയത് കൊണ്ട് ജീവിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ എന്‍റെ ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

മെയിന്‍ ഓഫീസില്‍ നിന്നും എം ഡി വരുന്ന ദിവസം ഞാന്‍ വളരെ താമസിച്ചാണ് ഓഫീസില്‍ എത്തിയത് ... ഓരോരുത്തരായി സാറിനെ കണ്ടു അവരവരുടെ വര്‍ക്ക്‌ സബ്മിറ്റ് ചെയ്യുകയാണ് ...

എന്‍റെ ഊഴമായി ....ഞാന്‍ അകത്തേക്ക് കയറി ഫയല്‍ കൊടുക്കാന്‍ തുടങ്ങവേ എന്‍റെ കൈകള്‍ വിറച്ചു .. എന്‍റെ അകത്തളത്തില്‍ ഒരു പേര് മുഴങ്ങി കേട്ടു..

കിച്ചു ....

ഒരു പാട് മോഹങ്ങള്‍ മനസ്സില്‍ കോരിയിട്ട് , നൂറായിരം വാഗ്ദാനങ്ങള്‍ തന്ന് , ഒടുവില്‍ പ്രാരാബ്ദത്തിന്‍റെ ഭാണ്ട കെട്ടുകള്‍ എന്‍റെ മുന്നിലേക്ക് അഴിച്ചിട്ടു , കാത്തിരിക്കുമോ എന്ന് ഒരു വാക്ക് പോലും ചോദിയ്ക്കാതെ , ചേട്ടന്‍ കൊടുത്ത ദുബായിലേക്കുള്ള വിസിറ്റിംഗ് വിസ , എന്ന കച്ചി തുരുമ്പില്‍ പിടിച്ചു കയറാന്‍ അവന്‍ പോയി .....

അന്നു തൊട്ട് ഇന്നു വരെ എന്‍റെ കണ്ണുനീര്‍ ചാലിലെ ജീവിതത്തിനിടയില്‍ , ആഗ്രഹമുണ്ടായിട്ടും അവന്‍ എവിടെയാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല .....


എന്തൊക്കെയോ പറഞ്ഞു ഫയല്‍ കൊടുത്തു അവിടെന്ന് ഇറങ്ങാന്‍ ഞാന്‍ വളരെ പണിപ്പെട്ടു ...

പിന്നെ എന്‍റെ മനസും ചിന്തകളും എന്നെ അനുസരിക്കുന്നുണ്ടായിരുന്നില്ല ....

ശരത് കാലത്തെ മഞ്ഞു വീഴ്ച പോല്‍ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കീ ബോര്‍ഡില്‍ പതിച്ചു കൊണ്ടിരുന്നു ...

ഘടികാരത്തിലെ സൂചിയുടെ ചലനങ്ങള്‍ എണ്ണി ഞാന്‍ ദിവസം തള്ളി നീക്കി ..

നെഞ്ചിലെ കനല്‍ തീയില്‍ എരിഞ്ഞടങ്ങും മുന്‍പേ , മകളുടെ മംഗല്യം ഒന്ന് നടന്നു കണാന്‍ ആഴ്ചയിലെ ഏഴു ദിവസവും വ്രതം നോറ്റ് കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക്‌ ഞാന്‍ ഓടി ...

അസ്തമിക്കാന്‍ വെമ്പുന്ന ആദിത്യ ഭഗവാന്‍റെ ഇളം വെയിലും , പടിഞ്ഞാറു നിന്ന് വീശുന്ന നേര്‍ത്ത കാറ്റും എന്‍റെ ഏക ആശ്വാസമായി കരുതി ഞാന്‍ നടന്നു ....

പെട്ടെന്ന് ഒരു കാര്‍ എന്‍റെ അടുത്ത് വന്നു നിന്നു....പാന്റും ഷര്‍ട്ടും ഷൂവുമണിഞ്ഞ് വേദനയില്‍ ചാലിച്ച ഒരു ചിരിയുമായി അവന്‍ ഡോര്‍ തുറന്നിറങ്ങി ...

അതെ കിച്ചു ..

അവന്‍ ഒരുപാട് മാറിയിരിക്കുന്നു ...

ഒരുമിച്ചു നെയ്ത സ്വപ്നങ്ങളുടെയും , അറിയാതെ ചെയ്തുപോയ പിഴവുകളുടെയും തൂക്കം നോക്കി കുമ്പസാര കൂട്ടില്‍ നില്‍ക്കയാണ്‌ അവന്‍ ....

എന്‍റെ തേങ്ങലിന്‍ ഈരടി എന്നോണം മുപ്പത്തി ഒന്നാമത്തെ ആളാക്കാന്‍ അവന്‍ തയ്യാറായി ...

പരിഭവത്തോടെ ആണെങ്കിലും എന്‍റെ കണ്ണുകള്‍ മിന്നിയത് അവനു ആശ്വാസമായപോലെ തോന്നി .......

എനിക്കും എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ...

സന്തോഷം തുളുമ്പുന്ന മനസോടെ അമ്മക്ക് ആശ്വാസമേകാനായ്‌ വീട്ടു പടിക്കല്‍ എത്തിയതും പതിവിലും വിപരീതമായ് അമ്മയുടെ മുഖത്തെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി .... എന്‍റെ മനസ് വായിച്ചറിഞ്ഞ പോലെ അമ്മ എന്നെ വാരി പുണര്‍ന്നു .... അമ്മയുടെ ഹൃദയത്തിന്‍ മിടിപ്പ്‌ എന്‍റെ രക്ത ധമനികള്‍ക്ക് ആക്കം കൂട്ടി ...

" മോളെ വിവാഹത്തിന് അവര്‍ സമ്മതിച്ചു ... എന്‍റെ പ്രാര്‍ത്ഥന ഭഗവന്‍ കേട്ടു .. ...മാത്രമല്ല അവരുടെ ഒരു ബന്ധു , നിന്‍റെ അനിയത്തിയെ കാണാന്‍ വരുന്നുണ്ട് ...രണ്ടിനും സ്ത്രീധനം ഒന്നും വേണ്ട .. കാശ്‌ തികയ്ക്കാന്‍ ഓടണ്ടല്ലോ മോളെ ...ഉള്ളത് കൊടുത്ത മതിയല്ലോ ...സമാധാനമായി .. ഞാന്‍ വാക്ക് കൊടുത്തു .."

ആഹ്ലാദത്താല്‍ തിരതല്ലി , എനിക്ക് വേണ്ടി നോമ്പ്‌ നോറ്റ് ജീവശ്ചവമായി നില്‍കുന്ന ആ മാതൃസ്നേഹത്തിനു മുന്നില്‍ എനിക്ക് ഒന്നും വെളപ്പെടുത്താനായില്ല ..

അനിയത്തിക്കുട്ടിയുടെ നിഷ്ക്കളങ്കമായ ചിരിയും എന്നെ വിലക്കി...

എന്തോ ഒരു വിങ്ങല്‍ ..

എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

ഓഫീസില്‍ എനിക്കിനി ജോലി ഇല്ല എന്നും പറഞ്ഞ് , എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ , തലവേദന എന്ന കള്ളത്താല്‍ ഞാന്‍ കട്ടിലിലേക്ക് ചായുമ്പോള്‍ എന്‍റെ ഹൃദയം ആരോ കീറി മുറിക്കുന്നുണ്ടായിരുന്നു ....

കരുത്തില്ലായ്മ ആണോ ത്യഗമാണോ എന്‍റെ ഈ അവസ്ഥക്ക് കാരണം എന്നറിയില്ല ...

എന്തോ കടമ ചെയ്ത ചാരിതാര്‍ത്ഥ്യം ഒഴിച്ചാല്‍ എന്‍റെ മനസ് ശൂന്യമായിരുന്നു....

എന്‍റെ വിധി ഞാന്‍ തിരഞ്ഞെടുത്തതാണോ ..അതോ ദൈവ ഇംഗിതമോ????

അറിയില്ല.....



7 comments:

  1. നന്നായി തന്നെ കഥ പറഞ്ഞു.
    കിച്ചു ഒരു കമ്പനിയുടെ എം ഡി അല്ലെ, തീര്‍ച്ചയായും അയാള്‍ക്ക് നിങ്ങളുടെ അനുജത്തിയുടെ വിവാഹം നടത്താന്‍ സാധിക്കില്ലേ, അതുമല്ലേല്‍ സഹായം തന്നെ എന്തെല്ലാം ചെയ്യാം. അയാള്‍ക്ക് താങ്കളുടെ വീട്ടില്‍ വന്നു സംസാരിക്കാമല്ലോ, അപ്പോള്‍ പിന്നെ ത്യാഗം ആരാണ് ചെയ്യുന്നത്.

    എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

    ReplyDelete
  2. കിച്ചു പോട്ടെ, ഇത്രയും കാലം അന്വേഷിച്ചില്ലല്ലോ.

    ReplyDelete
  3. സുനില്‍ പറഞ്ഞത് പോലെ വിഷയം പഴയതെങ്കിലും ശൈലി ഇരുത്തിവായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് സത്യം..

    ReplyDelete
  4. നന്നായി അവതരിപ്പിച്ചു

    ReplyDelete
  5. സത്യമായും ഈ കിച്ചു ഞാനല്ല.......

    നന്നായിരിക്കുന്നു ശ്രീലക്ഷ്മീ....

    വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത ഫീലിംഗ്.............

    ReplyDelete
  6. ശരത് കാലത്തെ മഞ്ഞു വീഴ്ച പോല്‍ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കീ ബോര്‍ഡില്‍ പതിച്ചു കൊണ്ടിരുന്നു ...

    എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

    ReplyDelete