Friday, November 20, 2009

ക്ഷമയുടെ മൂര്‍ത്തിമത് ഭാവം


"ഇന്നു ഇലക്ട്രോണിക്സ് ലാബില്‍ റെക്കോര്‍ഡ്‌ വെക്കണ്ട അവസാന ദിവസമാണ്... "

ക്ലാസ്സ്‌ റെപ്പിന്‍റെ ശബ്ദമാണല്ലോ അത്...

ഇവനെ പിടിച്ചു റെപ്പാക്കിയവനെ തല്ലണം...അങ്ങനെ ആണേല്‍ ആ തല്ലു എനിക്ക് തന്നെ ഉള്ളതാ...അടങ്ങി ഒതുങ്ങി ഇരുന്ന അവനെ ചാട്ടെ കേറ്റി...നീ യാണ് ഏറ്റവും നല്ല റെപ്പെന്നു പറഞ്ഞു ഈ വഴിക്കാക്കിയത് ഞാന്‍ തന്നെയാ....അതും പോരഞ്ഞിട്ട് അവനു വേണ്ടി സാറിന്‍റെ അടുത്ത് ഒരു സ്പെഷ്യല്‍ റെക്കമെന്റ്റേഷന്‍ വരെ കൊടുത്തു...എന്‍റെ ഒരു ഹോള്‍ഡേ...പക്ഷെ ഇപ്പൊ അതൊരു വലിയ പാരയായി...

" മൂര്‍ത്തിയെക്കാള്‍ വല്യ ശന്തിയാണെന്ന " അവന്‍റെ വിചാരം...

മിസ്സിനെ കാണാന്‍ പോകുവാണെന്ന് പറഞ്ഞപ്പോളെ ഞാന്‍ കരുതിയതാ എന്തേലും ഒരു പണിയായിട്ടെ അവന്‍ വരുള്ളുന്നു...അത് ഇത്രേം വലുതാകുന്നു കരുതീല്ല...

കണികണ്ടത് ആരെ ആണാവോ...

കണ്ണാടി നോക്കിയാണ് എണീറ്റത്...അപ്പൊ എന്നെ തന്നെയാണല്ലേ...ബെസ്റ്റ്..അതിന്‍റെ ഐശ്വര്യമാ...

ഇന്നലത്തെ അശ്രാന്തപരിശ്രമത്താല്‍ എഴുതി തീര്‍ത്തിരുന്നു.....പക്ഷെ റെക്കോര്‍ഡ്‌ എടുത്തിട്ടില്ല...പോയി എടുക്കാം...

കോളേജ് മതിലും ഞാന്‍ താമസിക്കുന്ന വീടിന്‍റെ മതിലും ഒന്നായത് നന്നായി..ഒരെണ്ണം ചാടിയാല്‍ മതിയല്ലോ....പിന്നെ ഒന്നിനും കാത്തിരുന്നില്ല...ഞാന്‍ ഇറങ്ങി നടന്നു...

സൂര്യന്‍ ഉത്തരായനത്തിലാണോ അതോ ദക്ഷിണായനത്തിലാണോ..ഏതിലായാലും കൃത്യം തലയ്ക്കു മുകളിലാണ്...

ഇലക്ട്രോണിക്സ് ബ്ലോക്ക്‌ കഴിഞ്ഞാല്‍ ഉടനെ എന്‍റെ റൂം കാണാം...

അയ്യോ ദേ ഒരു മഞ്ഞു മല ...അതും ഈ നട്ടുച്ചക്ക്...

ഓ പ്രകൃതി ആകെ മാറിപോയി...കാലാവസ്ഥയില്‍ വന്ന വ്യതിയാനം അചിന്തനീയം തന്നെ...

എന്തായാലും ഈ നട്ടുച്ചക്ക് മഞ്ഞു പെയ്താല്‍ മഴവില്ല് വരും....ഉറപ്പാ...

ഞാന്‍ കുറച്ചുകൂടി സൂക്ഷിച്ചു നോക്കി...കാലാവസ്ഥക്ക് മാത്രമല്ല മഞ്ഞുണ്ടാകുന്ന രീതിക്ക് തന്നെ മാറ്റം വന്നുന്ന തോന്നണെ...

മഞ്ഞു മുകളില്‍ നിന്ന് അല്ലെ വീഴണ്ടേ?? ഇതു തഴേന്നു മുകളിലേക്ക് പോകുന്നു ...ഈ കാഴ്ച അത്യത്ഭുതം തന്നെ...

അപ്പൊ എന്‍റെ വീട് എവിടെ?? ഇനി ഇവിടെ ആയിരുന്നില്ലേ ?? വീട് ഒക്കെ ഇവിടെ തന്നെ....

ദേ രാവിലെ വന്നപോ വഴിയില്‍ നിന്ന പട്ടി നില്‍ക്കന്നു...

അയ്യോ..അല്ല അത് മഞ്ഞല്ല...ഭയങ്കര പുക...

കണ്ണട വെക്കണ്ട സമയം കഴിഞ്ഞു പ്രായമായതറിഞ്ഞില്ല...

ഇവിടെ ഫോറെസ്റ്റ് മൊത്തം കാടല്ലാത്തത് കൊണ്ട് കാട്ടു തീ ആയിരിക്കത്തില്ല...പിന്നെ എവിടുന്നാണീ പുക വരുന്നത്...

മതില് കെട്ടിയത് ഈ അടുത്ത കാലത്താണ്...അത് കൊണ്ട് തന്നെ ചാടികടക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്...ഇതിനു മുന്നേ ചാടി ശീലമില്ലലോ...മതിലു പണിതവനെ കിട്ടിരുന്ണേല്‍ ഏണി ആക്കാമായിരുന്നു...എവിടെയൊക്കെയോ പിടിച്ചു ഞാന്‍ മതിലിനു മുകളില്‍ കയറി ചാടി...

എവിടെയാണ് ഈ അഗ്നിയുടെ ഉദ്ഭവം...ഉദ്ഭവം തിരഞ്ഞപ്പോള്‍ കണ്ടത് ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് പുക വരുന്നത്...ഇതെന്തു മറിമായം...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല...ഓടി.......മുന്നും പിന്നും നോക്കാതെ ഓടി....

ആ വഴിയില്‍ പിന്നെ പുല്ലു മുളക്കാത്തതിനാല്‍ അത് പൊതു വഴിയായി പ്രഖ്യാപിച്ചുന്നാണ് അറിയാന്‍ കഴിഞ്ഞത്...

മതിലു ചാടി വീട്ടില്‍ എത്തിയതും ഞാനാ സത്യം തിരിച്ചറിഞ്ഞത്....എന്‍റെ റൂമില്‍ നിന്നാണ് പുക വരുനത്‌...

വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കയറിയപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല .. ചെറിയ ശ്വാസം മുട്ടല്‍ അനുഭവപെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാന്‍ പുകയുടെ ഉറവിടം കണ്ടു പിടിക്കാന്‍ റൂമില്‍ പരതി...

ദൈവമേ എന്‍റെ ബെഡ് ആണ് കത്തുന്നത്...

കത്തി കത്തി പ്ലാസ്റ്റിക്‌ കട്ടിലിന്‍റെ ഒരു ഭാഗം ഉരുകി തകര്‍ന്നു നിലത്തു വീണു... എന്തായാലും ഇത്രേം ആയി ഇനി ഒന്നും നോക്കാനില്ല...ഞാന്‍ കുറെ വെള്ളം കോരി ഒഴിച്ചു...കിടക്ക എടുത്തു താഴെ കോളേജ് കോമ്പൌണ്ടിലേക്ക് ഇട്ടു...ജനലുകള്‍ എല്ലാം തുറന്നിട്ട്‌...തീ കെട്ടുന്നു ഉറപ്പാക്കിയതിനു ശേഷം ഞാന്‍ ടെറെസിനു മുകളില്‍ പോയി ആകാശത്തേക്ക് നോക്കി കിടന്നു...ഒരു അഞ്ചു പത്തു മിനിട്ടിനു ശേഷം ഇറങ്ങി ചെന്നപ്പോളെക്കും എല്ലാം ശാന്തമായിരുന്നു...

എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചു...ഷെര്‍ലക് ഹോംസിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അവിടെ മുഴുവനും ഒരു സെര്‍ച്ച്‌ നടത്തി...യുറേക്ക...ഞാന്‍ കണ്ടു പിടിച്ചു...ഇതെനെല്ലാം കാരണമായ ആ അഗ്നിസ്രോതസ്സു ഞാന്‍ കണ്ടു പിടിച്ചു...

ഒരു ബീഡി കുറ്റി..എന്‍റെ റൂം മേറ്റിന്‍റെയാണ്...

ഇന്നു രാവിലെ കൂടി പുക വലിയുടെ ദൂഷ്യ വശങ്ങളെ കുറിച്ചൊരു ക്ലാസ്സ്‌, ഞാനവനു എടുത്തു കൊടുത്തിരുന്നു... അതിന്‍റെ വൈരാഗ്യം ആണോ ഇത്...അവനു പറഞ്ഞു തീര്‍ക്കാമായിരുന്നു...ഇനി എന്ത് ചെയ്യും....ആ പറഞ്ഞിട്ട് കാര്യമില്ല...

റെക്കോര്‍ഡ്‌ എടുത്തു ഞാന്‍ തിരിച്ചു കോളേജിലേക്ക് പോയി...ലാബില്‍ റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാന്‍ മിസ്സിന്‍റെ അടുത്തു എത്തി...

എന്താടോ ആകെ അലങ്കോലമായിരിക്കുന്നത്...താന്‍ വല്ല ചൂളയിലായിരുന്നോ...

അയ്യോ അല്ല മിസ്സ്‌...എന്തെ അങ്ങനെ ചോദിയ്ക്കാന്‍...

അല്ല താനാകെ കറുത്തു കരിവാളിച്ചിരിക്കുന്നല്ലോ...

കുറച്ചു നേരത്തേക്ക് എന്നെ ഫയര്‍ ഫോഴ്സില്‍ ചേര്‍ത്തു...(ഓ പറയണ കേട്ടാല്‍ തോന്നും ഞാന്‍ വെളുത്തു തുടുത്തു സുന്ദര കുട്ടനാണെന്നു...മിസ്സിന്‍റെ ഒരു തമാശ..)

ഫയര്‍ ഫോഴ്സിലോ...തന്നെയോ...

ഞാന്‍ ഒരു ഫയര്‍ ഫൈറ്റിംഗ് കഴിഞ്ഞു വരികയാണ് മിസ്സ്‌...

ഫയര്‍ ഫൈറ്റിംഗ്...??? അതെവിടയായിരുന്നു...

സംഭവിച്ചതെല്ലാം ഞാന്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു...മിസ്സിനാകെ സന്തോഷം...ഒരു കോമഡി ഫിലിം കണ്ട എഫ്ഫക്റ്റ്‌...എനിക്കാണേല്‍ എന്തെന്നില്ലാത്ത വിഷമവും ദേഷ്യവും...

പ്രാണവേദനയുടെ ഇടയിലാണ് മിസ്സിന്‍റെ ഒരു വീണ വായന...

ലാബില്‍ നിന്നിറങ്ങി ഞാന്‍ വീണ്ടും റൂമിലേക്ക്‌ പോകാനായി ഇലക്ട്രോണിക്സ് ബ്ലോക്കിന്‍റെ മുന്നിലെത്തിയപ്പോള്‍ ആളുകള്‍ എന്‍റെ വീടിന്‍റെ ദിശയിലേക്കു ഓടുന്നു...ഭയങ്കര പുക...
ഞാനും ഓടി...അവിടെ എത്തിയപ്പോളാണ് മനസിലായത്...ഞാന്‍ മുകളില്‍ നിന്നും വാരിയിട്ട ബെഡില്‍ നിന്നും തീ ഉണക്ക പുല്ലില്‍ പടര്‍ന്നു...അത് കത്തി കത്തി ദേ കോളേജിന്‍റെ അടുത്തെത്താറായി...തീ കെടുത്താന്‍ വേണ്ടി എല്ലാരും ഓടിയതാരുന്നു...

ഏതോ ഒരു xxxx മോന്‍റെ പണിയാണ്...ആരോ വിളിച്ചു പറയുന്നത് കേട്ടു...

പിന്നെ ഞാനവിടെ നിന്നില്ല...ജീവനും കൊണ്ട് മുങ്ങി...ആരേലും തിരിച്ചറിഞ്ഞാലോ...

റൂം എത്തിയപ്പോള്‍ നമ്മുടെ കഥാനായകന്‍ കുമ്പസാര കൂട്ടില്‍ നില്‍ക്കുനുണ്ട്..... ഇറങ്ങി നില്‍ക്കെടാ പട്ടി എന്ന് പറയണമെന്നുണ്ടായിരുന്നു...പക്ഷെ ഞാന്‍ ഒരക്ഷരം പോലും മിണ്ടില്ല...

ഡാ നീയെന്നെ രണ്ടു ചീത്ത പറ..എനിക്കൊരു സമാധാനമാകട്ടെ...

ഛെ ചീത്ത പറഞ്ഞാല്‍ പ്രശ്നം തീരില്ലല്ലോ...

എന്നാലും..

ഓ ഒരു എന്നാലും ഇല്ലടാ..അത് കള..കാര്യമാക്കണ്ട...

ഇത്രെ ഒകെ അവന്‍ ചെയ്തിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ലാലോ...ക്ഷമയുടെ മൂര്‍ത്തിമത് ഭാവം തന്നെ ഞാന്‍...

പതുക്കെ ഒരു കസേര വലിച്ചിട്ടു ഞാനിരുന്നു...എല്ലാവരും നിശബ്ദരാണ്...

അവന്‍ നല്ലവനാ...വേറെ ആരേലും ആയിരുന്നേല്‍ പണ്ടേ എന്നെ തല്ലിയേനെ...

എന്ന് പറഞ്ഞു കൊണ്ട് എന്‍റെ റൂം മേറ്റ്‌ പതിവ് ഒട്ടും തെറ്റിക്കാതെ ഒരു ബീഡി എടുത്തു അവന്‍റെവൃത്തികെട്ട ചുണ്ടോടു ചേര്‍ത്ത് കത്തിച്ചു....

ആ ബീഡി വാങ്ങി ഞാനെന്‍റെ ക്ഷമയുടെ മൂര്‍ത്തിമത് ഭാവത്തിന്‍റെ കോലവും കത്തിച്ചു...

എനികെന്തെന്നില്ലാത്ത ദേഷ്യം വന്നു...ഞാന്‍ ചോദിച്ചു...

എടാ ഇത്രെയയിട്ടും നിനക്കിതു നിറുത്താറായില്ലേ...

നീ മനുഷ്യനെ കൊല്ലാന്‍ തന്നെ ജനിച്ചു ഇറങ്ങിയേക്കാണല്ലേ???

ഹോ ഇങ്ങനെ കിടന്നു ചൂടാവാന്‍ നീ ബെഡ്ഡില്‍ ഇല്ലാരുന്നല്ലോ...

ഡാ.........................
 

Wednesday, November 18, 2009

ലാബ്‌ എക്സാം

വര്‍ഷം 2003 ജനുവരി മാസത്തിലെ ഒരു പ്രഭാതം...ജീവിതത്തിലെ ആദ്യത്തെ യുണിവേര്‍സിറ്റി തിയറി പരീക്ഷ എഴുതി തീര്‍ന്നതിനു ശേഷം ദേ ഇപ്പോളാണ് അടുത്ത പന്തി ആയതു...ജീവിതത്തിലെ ആദ്യത്തെ യുണിവേര്‍സിറ്റി ലാബ്‌ പരീക്ഷ....കുറച്ചു ടെന്‍ഷന്‍ ഉണ്ടാരുന്നു...

Friday, November 13, 2009

കൊഴിഞ്ഞ മോഹം

പട്ടു ചുറ്റി മുല്ലപ്പൂവും വച്ച് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നന്നഞ്ഞിരുന്നു ..ഉമ്മറത്ത്‌ നാലു പേര്‍ ഒരു അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കിയിരിക്കയാണ് ...


എനിക്കിതൊരു ആദ്യാനുഭവം അല്ല ...


ഇരുപത്തിഎട്ട് വര്‍ഷമേ ആയുള്ളൂ ഞാന്‍ ഈ ഭൂമി കാണാന്‍ തുടങ്ങിയിട്ട് .... പക്ഷെ
അഞ്ചു വര്‍ഷം കൊണ്ട് മുപ്പതു പേര്‍ എന്നെ കാണാന്‍ വന്നു ....


ഇപ്പോ ഒരു തരം മരവിപ്പാ..എന്‍റെ സൗന്ദര്യം കൊണ്ടോ , കുടുംബ മഹിമ കൊണ്ടോ... വരുന്നവര്‍ക്കെല്ലാം പെണ്ണല്ല , പൊന്നാ വേണ്ടത് ...


ആറ് സെന്റ് മണ്ണും ഒരു വീടും എനിക്ക് താഴെ രണ്ടു പെങ്ങമ്മാരും ഉള്ളവര്‍ക്കു എവിടെന്നാ പൊന്ന് ... അച്ഛന്‍ എല്ലാം ഉഴിഞ്ഞു വച്ച് വളരെ നാളായി സുഖമായി ഉറങ്ങുകയാണ്.....


പലതും പഠിച്ചിട്ടും , ടെസ്റ്റുകള്‍ ചവറു പോലെ എഴുതി കൂട്ടിയിട്ടും , വീട്ടിന്‍റെ പിന്നാം പുറത്ത്‌ 'പോസ്റ്റ്‌' എന്ന വിളിക്ക് കതോര്‍ത്തിരിക്കയാണ് ഞാന്‍ ...

അപ്പോഴാണ് അറിഞ്ഞത് ഇവിടെ അടുത്തൊരു കമ്പനിയുടെ ബ്രാഞ്ച് തുടങ്ങുന്നു ... ബയോഡേറ്റാ കൊണ്ട് കൊടുക്കണം .. ഇന്റര്‍വ്യൂ മാത്രമേ ഉള്ളു ..

ഞാന്‍ പ്രതീക്ഷയുടെ ആ തുറന്ന കവാടത്തിലേക്ക് ചെന്നു.....
' യു ആര്‍ അപ്പൊയിന്റെഡ് ' എന്നത് ഒഴിച്ചാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ...

മഴ കാത്തിരിക്കുന്ന വേഴാംമ്പലിനു ഈശ്വരന്‍ ചാറ്റല്‍ മഴ കൊടുത്ത പോലെ ആയിരുന്നു അവരുടെ വാക്കുകള്‍......
പലതും മറക്കാനും എന്തില്‍ നിന്നോ ഒളിച്ചോടാനുമുള്ള മാര്‍ഗ്ഗമായിരുന്നു എനിക്കാജോലി .....
ജനിച്ചു പോയത് കൊണ്ട് ജീവിച്ചു തീര്‍ക്കാനുള്ള തത്രപ്പാടില്‍ എന്‍റെ ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

മെയിന്‍ ഓഫീസില്‍ നിന്നും എം ഡി വരുന്ന ദിവസം ഞാന്‍ വളരെ താമസിച്ചാണ് ഓഫീസില്‍ എത്തിയത് ... ഓരോരുത്തരായി സാറിനെ കണ്ടു അവരവരുടെ വര്‍ക്ക്‌ സബ്മിറ്റ് ചെയ്യുകയാണ് ...

എന്‍റെ ഊഴമായി ....ഞാന്‍ അകത്തേക്ക് കയറി ഫയല്‍ കൊടുക്കാന്‍ തുടങ്ങവേ എന്‍റെ കൈകള്‍ വിറച്ചു .. എന്‍റെ അകത്തളത്തില്‍ ഒരു പേര് മുഴങ്ങി കേട്ടു..

കിച്ചു ....

ഒരു പാട് മോഹങ്ങള്‍ മനസ്സില്‍ കോരിയിട്ട് , നൂറായിരം വാഗ്ദാനങ്ങള്‍ തന്ന് , ഒടുവില്‍ പ്രാരാബ്ദത്തിന്‍റെ ഭാണ്ട കെട്ടുകള്‍ എന്‍റെ മുന്നിലേക്ക് അഴിച്ചിട്ടു , കാത്തിരിക്കുമോ എന്ന് ഒരു വാക്ക് പോലും ചോദിയ്ക്കാതെ , ചേട്ടന്‍ കൊടുത്ത ദുബായിലേക്കുള്ള വിസിറ്റിംഗ് വിസ , എന്ന കച്ചി തുരുമ്പില്‍ പിടിച്ചു കയറാന്‍ അവന്‍ പോയി .....

അന്നു തൊട്ട് ഇന്നു വരെ എന്‍റെ കണ്ണുനീര്‍ ചാലിലെ ജീവിതത്തിനിടയില്‍ , ആഗ്രഹമുണ്ടായിട്ടും അവന്‍ എവിടെയാണെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല .....


എന്തൊക്കെയോ പറഞ്ഞു ഫയല്‍ കൊടുത്തു അവിടെന്ന് ഇറങ്ങാന്‍ ഞാന്‍ വളരെ പണിപ്പെട്ടു ...

പിന്നെ എന്‍റെ മനസും ചിന്തകളും എന്നെ അനുസരിക്കുന്നുണ്ടായിരുന്നില്ല ....

ശരത് കാലത്തെ മഞ്ഞു വീഴ്ച പോല്‍ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കീ ബോര്‍ഡില്‍ പതിച്ചു കൊണ്ടിരുന്നു ...

ഘടികാരത്തിലെ സൂചിയുടെ ചലനങ്ങള്‍ എണ്ണി ഞാന്‍ ദിവസം തള്ളി നീക്കി ..

നെഞ്ചിലെ കനല്‍ തീയില്‍ എരിഞ്ഞടങ്ങും മുന്‍പേ , മകളുടെ മംഗല്യം ഒന്ന് നടന്നു കണാന്‍ ആഴ്ചയിലെ ഏഴു ദിവസവും വ്രതം നോറ്റ് കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക്‌ ഞാന്‍ ഓടി ...

അസ്തമിക്കാന്‍ വെമ്പുന്ന ആദിത്യ ഭഗവാന്‍റെ ഇളം വെയിലും , പടിഞ്ഞാറു നിന്ന് വീശുന്ന നേര്‍ത്ത കാറ്റും എന്‍റെ ഏക ആശ്വാസമായി കരുതി ഞാന്‍ നടന്നു ....

പെട്ടെന്ന് ഒരു കാര്‍ എന്‍റെ അടുത്ത് വന്നു നിന്നു....പാന്റും ഷര്‍ട്ടും ഷൂവുമണിഞ്ഞ് വേദനയില്‍ ചാലിച്ച ഒരു ചിരിയുമായി അവന്‍ ഡോര്‍ തുറന്നിറങ്ങി ...

അതെ കിച്ചു ..

അവന്‍ ഒരുപാട് മാറിയിരിക്കുന്നു ...

ഒരുമിച്ചു നെയ്ത സ്വപ്നങ്ങളുടെയും , അറിയാതെ ചെയ്തുപോയ പിഴവുകളുടെയും തൂക്കം നോക്കി കുമ്പസാര കൂട്ടില്‍ നില്‍ക്കയാണ്‌ അവന്‍ ....

എന്‍റെ തേങ്ങലിന്‍ ഈരടി എന്നോണം മുപ്പത്തി ഒന്നാമത്തെ ആളാക്കാന്‍ അവന്‍ തയ്യാറായി ...

പരിഭവത്തോടെ ആണെങ്കിലും എന്‍റെ കണ്ണുകള്‍ മിന്നിയത് അവനു ആശ്വാസമായപോലെ തോന്നി .......

എനിക്കും എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ...

സന്തോഷം തുളുമ്പുന്ന മനസോടെ അമ്മക്ക് ആശ്വാസമേകാനായ്‌ വീട്ടു പടിക്കല്‍ എത്തിയതും പതിവിലും വിപരീതമായ് അമ്മയുടെ മുഖത്തെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി .... എന്‍റെ മനസ് വായിച്ചറിഞ്ഞ പോലെ അമ്മ എന്നെ വാരി പുണര്‍ന്നു .... അമ്മയുടെ ഹൃദയത്തിന്‍ മിടിപ്പ്‌ എന്‍റെ രക്ത ധമനികള്‍ക്ക് ആക്കം കൂട്ടി ...

" മോളെ വിവാഹത്തിന് അവര്‍ സമ്മതിച്ചു ... എന്‍റെ പ്രാര്‍ത്ഥന ഭഗവന്‍ കേട്ടു .. ...മാത്രമല്ല അവരുടെ ഒരു ബന്ധു , നിന്‍റെ അനിയത്തിയെ കാണാന്‍ വരുന്നുണ്ട് ...രണ്ടിനും സ്ത്രീധനം ഒന്നും വേണ്ട .. കാശ്‌ തികയ്ക്കാന്‍ ഓടണ്ടല്ലോ മോളെ ...ഉള്ളത് കൊടുത്ത മതിയല്ലോ ...സമാധാനമായി .. ഞാന്‍ വാക്ക് കൊടുത്തു .."

ആഹ്ലാദത്താല്‍ തിരതല്ലി , എനിക്ക് വേണ്ടി നോമ്പ്‌ നോറ്റ് ജീവശ്ചവമായി നില്‍കുന്ന ആ മാതൃസ്നേഹത്തിനു മുന്നില്‍ എനിക്ക് ഒന്നും വെളപ്പെടുത്താനായില്ല ..

അനിയത്തിക്കുട്ടിയുടെ നിഷ്ക്കളങ്കമായ ചിരിയും എന്നെ വിലക്കി...

എന്തോ ഒരു വിങ്ങല്‍ ..

എന്‍റെ മോഹങ്ങള്‍ എന്നും എന്‍്റേതു മാത്രമായിരികട്ടെ എന്നു സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ , സിന്ധൂരത്തില്‍ കുളിച്ച സന്ധ്യയെക്കാള്‍ ചുവപ്പ് എന്‍റെ മിഴികള്‍ക്കുണ്ടായിരുന്നു...

ഓഫീസില്‍ എനിക്കിനി ജോലി ഇല്ല എന്നും പറഞ്ഞ് , എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ , തലവേദന എന്ന കള്ളത്താല്‍ ഞാന്‍ കട്ടിലിലേക്ക് ചായുമ്പോള്‍ എന്‍റെ ഹൃദയം ആരോ കീറി മുറിക്കുന്നുണ്ടായിരുന്നു ....

കരുത്തില്ലായ്മ ആണോ ത്യഗമാണോ എന്‍റെ ഈ അവസ്ഥക്ക് കാരണം എന്നറിയില്ല ...

എന്തോ കടമ ചെയ്ത ചാരിതാര്‍ത്ഥ്യം ഒഴിച്ചാല്‍ എന്‍റെ മനസ് ശൂന്യമായിരുന്നു....

എന്‍റെ വിധി ഞാന്‍ തിരഞ്ഞെടുത്തതാണോ ..അതോ ദൈവ ഇംഗിതമോ????

അറിയില്ല.....



Thursday, November 12, 2009

മൃത്യുതന്‍ പുഞ്ചിരി...

ചക്രവാളങ്ങള്‍ക്കുമപ്പുറം ഒരു പൊന്‍ വെളിച്ചം...
നോവിന്‍ കടലില്‍ മുങ്ങുന്നൊരീ സൂര്യന്‍റെ പൊന്‍ വെളിച്ചം
സന്ധ്യതന്‍ കണ്ണുനീര്‍ കാണാതെ പോയ നീ
ദിശ തെറ്റി ചക്രവാളത്തിന്നപ്പുറത്തെത്തിയോ??

പ്രാണവേദനയുടെ പാശം കഴുത്തില്‍ കുരുങ്ങീടവേ..
ആകസ്മികമാം മൃത്യുതന്‍ തീരത്ത് പകച്ചിടാതെ...
ആത്മാവിലേക്കതു വാരി പുണര്‍ന്നു നീ ആനന്ദത്തോടെ
ആശ്ലേഷിച്ചു യമധര്‍മ്മനേയും കിങ്കരരെയും

ഹേ .. മര്‍ത്യ നീ അറിയുന്നുവോ ഈ നിമിഷത്തിനനന്തതയെ...
അനിവാര്യമായ കരങ്ങളില്‍ ഏല്പിച്ച നിന്‍ ദേഹി വെടിഞ്ഞോരീ ദേഹം
ഇന്നേകനായ് തണുത്തു വിറങ്ങലിച്ചീ ഉമ്മറത്തിണ്ണയില്‍ കിടക്കുമ്പൊഴും
മൃത്യുതന്‍ അനന്തത അറിഞ്ഞൊരീ പുഞ്ചിരി നിന്‍ ചുണ്ടില്‍ വിളങ്ങിയോ

കൂടി നിന്നവര്‍ നിന്നെ നിരൂപിച്ചപ്പോഴും...
കൂടെ ഉള്ളവര്‍ നിന്നെ ഓര്‍ത്തു ദുഖിച്ചപ്പോഴും...
കൂട്ടിനിരുന്ന നിന്‍ പ്രിയതമ കണ്ണുനീര്‍ പൊഴിച്ചപ്പോഴും
കൂടിയില്ല നിന്‍ ചുണ്ട്ടിലെ പുഞ്ചിരി...

ഉച്ചത്തില്‍ ഉയര്‍ന്നൊരാ നിലവിളി കേട്ടു

നിന്നെ ഉയര്‍ത്തി ചിതയിലെത്തിച്ചപ്പോഴും...
നാളികേര പകുതിയില്‍ കത്തിയമര്‍ന്നൊരീ തിരി,,
നിന്‍റെ ഓര്‍മ്മകള്‍ക്കു കരിന്തിരി കത്തിച്ചുവോ???

Wednesday, November 11, 2009

മകളെ നിനക്കായ് മാത്രം....

കുറെ കാലത്തിനു ശേഷം വീട്ടില്‍ വന്നതിനാല്‍ ചടഞ്ഞിരിയ്ക്കാനായിരുന്നു ആഗ്രഹം..എങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്ഷേത്രത്തില്‍ പോകുവാന്‍ തീരുമാനിച്ചു ..കുളിച്ചു മുണ്ടുടുത്ത് ക്ഷേത്രനടയില്‍ എത്തിയപോള്‍ ദീപാരാധന സമയം ആയിരുന്നു...

ഭഗവാനേ കൃഷ്ണാ....

പണ്ട് എല്ലാ ദിവസവും വന്നു തൊഴുമായിരുന്നു...ജീവിതത്തിരക്കുകളില്‍ നഷ്ട്ടമായ നല്ല നിമിഷങ്ങള്‍...

ആരോ അഷ്ടപതി പാടുന്നുണ്ട്...

" വന്ദേ മുകുന്ദ ഹരേ...ജയ ശൗരേ സന്താപഹാരി മുരാരേ....
  ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്‍റെ ദ്വാരക പുരി എവിടെ....
  പീലി തിളക്കവും കോലകുഴല്‍ പാട്ടും അമ്പാടി പൈക്കളും എവിടെ...
  ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ നെഞ്ജിലെന്‍ ആത്മപ്രണാമം ...
  പ്രേമ സ്വരൂപനാം സ്നേഹ സാധീര്‍ത്ഥ്യന്‍റെ കാല്‍കലെന്‍ കണ്ണീര്‍ പ്രണാമം... "

ദീപാരാധന സമയത്ത് സോപാനതിനടുത്തു നിന്ന് ഇടക്ക കൊട്ടി അഷ്ടപതി പാടുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാണ് ..ഭഗവാനോടുള്ള അചഞ്ചലമായ ഭക്തി നിറച്ചുള്ള എന്‍റെ പാട്ടു കേള്‍ക്കുവാന്‍ വേണ്ടി മാത്രം അന്നവള്‍ വരുമായിരുന്നു ...

മണി മുഴക്കി കൊണ്ട് നട തുറന്നു ..ഞാന്‍ ചിന്തകളെ വിട്ട് വീണ്ടും ദ്വാരകാധീശനെ വണങ്ങി....

മഞ്ഞ പട്ടുടുത്തു , ചുണ്ടില്‍ ഓടക്കുഴലും ചേര്‍ത്ത് ഒരു കള്ള ചിരിയോടെ നില്‍ക്കുന്ന കണ്ണന്‍....എന്‍റെ മനസ് നിറഞ്ഞു ..അമ്മ നിര്‍ബന്ധിച്ചതു വെറുതെ ആയില്ല..

തിരുമേനി ഓരോ പേരു ചൊല്ലി പുഷ്പാഞ്ജലി പ്രസാദം കൊടുത്തു തുടങ്ങി ... ഞാന്‍ കണ്ണടച്ച് തൊഴുതു നില്‍ക്കയാണ് ...

വൈഗ ..മകയിരം ..

അവിശ്വസനീയമായതെന്തോ കേട്ടു ഞാന്‍ കണ്ണുകള്‍ തുറന്നു...അദ്ദേഹം വീണ്ടും ശബ്ദമുയര്‍ത്തി വിളിച്ചു ..

വൈഗ..മകയിരം ..

വെള്ള പട്ടുപാവാട അണിഞ്ഞ ഒരു ആറു വയസുകാരി ആ പ്രസാദം വാങ്ങി ...

ഞാന്‍ ആ കുട്ടിയെ സൂക്ഷിച്ചുനോക്കി ....കണ്ടു മറന്ന മുഖം ..ആ കുട്ടി ഒറ്റക്കാണ്...

പോകുവാനുള്ള തിരക്കില്‍ പെട്ടെന്ന് തൊഴുതിറങ്ങിയ ആ കുട്ടിയേ ഞാന്‍ വിളിച്ചു ...

വൈഗാ...എന്‍റെ ശബ്ദം ഇടറിയോ..?? അറിയില്ല ...

വിളിക്കാന്‍ കൊതിച്ചിരുന്ന ആ പേര് വിളിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..

തിരിഞ്ഞു നിന്ന കുട്ടിയുടെ കണ്ണുകളിലെ തിളക്കം എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ തിരഞ്ഞു ...

ഞാന്‍ ചോദിച്ചു...

മോളുടെ പേര് വൈഗ എന്നല്ലേ ...

ആ അതെ ..അങ്കിള്‍...വൈഗ...

മോളുടെ വീട് എവിടെയാ ??

ഇവിടെ അടുത്താ പുഴയുടെ അക്കരെ ...

മോളുടെ വീട്ടില്‍ ആരൊക്കെ ഉണ്ട് ??

അമ്മ,,,, അപ്പൂപ്പന്‍,,,, അമ്മൂമ്മ,,,,അമ്മാവന്‍,,,.

അപ്പോള്‍ മോളുടെ അച്ഛനോ ??

അച്ഛനും അമ്മയും പിണക്കത്തിലാ...അത് കൊണ്ട് അച്ഛന്‍ അച്ഛന്‍റെ വീട്ടിലാ ..അമ്മയും ഞാനും ഇവിടെ ..

ആരാ മോള്‍ക്ക്‌ വൈഗ എന്നു പേരിട്ടത് ??

അമ്മയാ..

ഓഹോ .അമ്മയുടെ പേരെന്താ??

രാധിക....

എന്‍റെ വാതാലപുരേശാ...കൃഷ്ണാ...

ഞാന്‍ നടുങ്ങി ..

രാധിക....

എന്‍റെ....എന്‍റെ മാത്രമായിരുന്ന രാധിക....

ഭാരതപുഴയിലെ ഓളങ്ങളെ തഴുകി വരുന്ന കാറ്റേറ്റു...തീരത്തെ മണലില്‍ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ചു ഏതോ ചിന്തയില്‍ മുഴകി അവളെയും പ്രതീക്ഷിച്ചു ഞാന്‍ കിടക്കുമായായിരുന്നു...രാധിക...പ്രകൃതിയെ പോലും വെല്ലുന്ന അവളുടെ രൂപം അവര്‍ണ്ണനീയം...അടുത്തത് പെട്ടന്നായിരുന്നു...ഒരേ തലത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദം...പിന്നീടെപ്പോളോ പ്രണയമായി....കളി ചിരികള്‍ക്കിടയില്‍ എപ്പോഴെക്കൊയോ പറഞ്ഞിരുന്നു മകന്‍ ജനിച്ചാല്‍ ശംഭു എന്നും മകള്‍ ജനിച്ചാല്‍ വൈഗ എന്നും പേരിടണം ...

പരസ്പരം നല്ലതു പോലെ അറിഞ്ഞിരുന്നെന്നാണ് ഞങ്ങള്‍ കരുതിയത്‌...പക്ഷേ എപ്പോളാണെന്നറിയില്ല മാനസികമായ ആ ധാരണ നഷ്ട്ടപ്പെട്ടു...ആരുടെ തെറ്റാനെന്നറിയാന്‍ പോലും ശ്രമിച്ചില്ല...പരസ്പരം തടഞ്ഞില്ല...അകന്നത് വളരെ പെട്ടന്നായിരുന്നു....അടുത്തതിനെക്കാള്‍ ഇരട്ടി വേഗത്തില്‍...

കണ്ണുകള്‍ നിറഞ്ഞു ഞാന്‍ ശ്രീ കോവിലിലേക്ക് നോക്കി ..

അങ്കിള്‍...ഞാന്‍ പോട്ടെ ...

വൈഗ നടന്നു നീങ്ങി .. എന്‍റെ കണ്ണെത്തും ദൂരെ വരെ ഞാനും സഞ്ചരിച്ചു ...പക്ഷെ എന്‍റെ കണ്ണ്നീര്‍ തുള്ളികള്‍ വൈഗയെ മറച്ചു ..

കുണുങ്ങി കുണുങ്ങി ഉള്ള വൈഗയുടെ ആ നടത്തം രാധികയെയാണ് ഓര്‍മ്മിപിച്ചത്..

ഭാരതപ്പുഴയില്‍ തട്ടി പ്രതിഫലിചിരുന്ന സൂര്യരശ്മികളെ വകഞ്ഞ്...പുഴ കടന്നു...ദേവനെ കാണാന്‍ വരുന്ന ദേവിയെ ഞാന്‍ ഓര്‍ത്തു ..

" അച്ഛാ ഞാന്‍ പോട്ടെ .... " എന്നു തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചു ..

പക്ഷെ അപ്പോഴേക്കും വൈഗ ഒത്തിരി ദൂരെ എത്തിയിരുന്നു..

Tuesday, November 10, 2009

നീ എവിടെയാ....

ഒരു തുലാം മാസ സന്ധ്യയില്‍ കണ്ണിലെ നേര്‍ത്ത കണ്കണം പോലെ , എന്‍റെ മനസിന്‍റെ തേങ്ങലോടെ പെയ്തൊഴിയുന്ന മാനം .....

ജലതുള്ളികളെ കീറി മുറിച്ചു ഞാന്‍ നടന്നുനീങ്ങി ....പെട്ടെന്ന് എന്‍റെ ചലനം നിലച്ചു .... 



തുലാവര്‍ഷ മേഘം തോല്‍ക്കും വിധം എന്‍റെ കണ്ണുകള്‍ നിറഞ്ഞു ചിന്തി....


ഏതോ ഒരു നേര്‍ത്ത ഓര്‍മ്മ എന്‍റെ മനസിനെ വരിഞ്ഞു മുറുക്കി ..... 


പതിവ് തെറ്റിക്കാതെ ആ വാതില്‍ക്കല്‍ ഞാന്‍ നോക്കി നിന്നു.... 


അവനെ ഒന്ന് കാണാന്‍ ....എന്‍റെ വിനുവിനെ .... 


എന്തോ പ്രതീക്ഷിക്കുന്ന പകുതി നിറഞ്ഞ കണ്ണുകളും , പാറി പറന്ന മുടിയും , മൂക്കിന്‍റെ തുമ്പിലെ കറുത്ത കുത്തും , തിരിച്ചറിയാനെന്നോണം ഈശ്വരന്‍ കൊടുത്ത വലത്തേ കൈ തണ്ടയിലെ മറുകും , അവനു മാത്രം സ്വന്തമായിരുന്നു...


അപൂര്‍വ്വമായി വിടരുന്ന ചുണ്ടുകളില്‍ മനസു കൊണ്ട് മാത്രം പുഞ്ചിരിക്കുന്ന എന്‍റെ വിനുവിന് വിദൂരതയിലെ കാഴ്ചകള്‍ ആയിരുന്നു എന്നുമാശ്വാസം.... 


ആ നനഞ്ഞ കണ്ണുകളില്‍ ആരോടോ ഉള്ള പക തെളിഞ്ഞു നിന്നിരുന്നു ........... 


ഹൃദയത്തോടു ചേര്‍ത്ത് വച്ച് സ്നേഹിച്ച , തന്‍റെ ജീവിതസഖി വഞ്ചിച്ചത് , സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവനു താങ്ങാനായില്ല ... 


എല്ലാം ഒരു നിമിഷം കൊണ്ട് തീര്‍ക്കുവാന്‍ അവന്‍ ആഗ്രഹിച്ചു ... 


പക്ഷെ......... 


മരണം അവനെ സ്പര്‍ശിച്ചില്ല ... 
ഭൂമീദേവി അവനെ വെടിയുവാന്‍ തയ്യാറായിരുന്നില്ല...... 


എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന ബസ്സിനു അവന്‍റെ കാലുകളെ വേണ്ടിയിരുന്നുള്ളൂ ......... 


എന്നേക്കുമായി അവന്‍റെ വേരുകള്‍ അറ്റു .. 


ചലനമില്ലാതെ , ജീവന്‍റെ തുടിപ്പ്‌ മാത്രം ശേഷിക്കുമ്പോള്‍ , ... 
ഇളം നീല നിറം പൂശിയ ചുവരിനുള്ളിലെ മഷിക്കൂട്ടുകളും ചിത്രങ്ങളും മാത്രമായിരുന്നു അവന്‍റെ ലോകം ... 


നീണ്ട ഒന്‍പതു വര്‍ഷങ്ങളില്‍ ആ കൈകളും അതിലൂടെ ഒഴുകി എത്തുന്ന ജീവനുള്ള ചിത്രങ്ങളും ആയിരുന്നു അവന്‍റെ പ്രതീക്ഷ ......


കാല ചക്രത്തിന്‍റെ പ്രയാണം ആരും അറിഞ്ഞിരുന്നില്ല ...അത് ചലിച്ചു കൊണ്ടിരുന്നു .... 


പ്രത്യാശയുടെ നാമ്പുകള്‍ മുളയ്ക്കും മുന്‍പേ.... 


ഓര്‍മയുടെ മൂടുപടം മായും മുന്‍പേ ... 


പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയ മനസുമായ്‌ അവന്‍ പോയി ... 


ഈ നവംബര്‍ പതിനെട്ടു ആകുമ്പോള്‍ അവന്‍ ലോകത്തോട്‌ വിട പറഞ്ഞിട്ട് പത്തു മാസം ആകുന്നു .. ..... 


ഒന്നേ അവന്‍ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നുള്ളു .... 
നിറ കണ്ണോടെ അവന്‍ ഒന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ ... 


" എന്‍റെ കാലുകള്‍ ഒന്നനങ്ങിയെങ്കില്‍ ... "


പക്ഷെ .........വിധി അവനെ.......

Friday, November 6, 2009

മറക്കാത്ത ഓര്‍മ്മ...

ചന്തു എന്‍റെ കൂട്ടുകാരനായിരുന്നു...ഞാന്‍ കാത്തിരുന്നു കിട്ടിയ കൂട്ടുകാരന്‍...
രണ്ടു വര്‍ഷത്തെ പരിചയം രണ്ടു ജന്മത്തെ അടുപ്പമായി മാറി ...
എന്നും ഒരു കുസൃതി ചിരിയോടെ എന്‍റെ അടുത്ത് വന്നിരുന്ന അവന്‍ എനിക്ക് എല്ലാം ആയിരുന്നു ...
എന്‍റെ കണ്ണ് നനയാന്‍ അവന്‍ അനുവദിച്ചിരുന്നില്ല ...


ഞാന്‍ അറിയാതെ,,,എന്‍റെ മനസ് അറിയാതെ,,,,,ഞാന്‍ അവനിലേക്ക്‌ അടുക്കുകയായിരുന്നു ....അതോ എന്നെ അവന്‍ വലിച്ചടുപ്പിക്കയായിരുന്നോ ????? 
അറിയില്ല ...
എന്‍റെ മനസ്സില്‍ മോഹങ്ങള്‍ നാമ്പിട്ടു തുടങ്ങിയ നിമിഷം,,,എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ എന്‍റെ നാവുകള്‍ വെമ്പി ...


പക്ഷെ ....എന്താവും മറുപടി എന്നോര്‍ത്ത് , ഞാന്‍ ആ ഇഷ്ടത്തെ മനസ്സില്‍ വെച്ചു താലോലിച്ചു...


കാത്തിരിന്നു ഞാന്‍.... നിന്നെ എനിക്ക് വേണമെന്നു പറയുന്ന ആ നിമിഷത്തിനു വേണ്ടി ...


എന്തിനു വേണ്ടി എന്നറിയാതെ...പലപ്പോഴും ഞാന്‍ വിങ്ങിപ്പൊട്ടി കരഞ്ഞു ....
അവനില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ലാരുന്നു ...


അവന്‍റെ സാന്നിധ്യത്തില്‍ എന്‍റെ ഹൃദയവേഗം പോലും കൂടുമായിരുന്നു ...


പലതും ഞാന്‍ പറയാതെ പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് നേര്‍ത്ത പുഞ്ചിരിയും മൌനവും ആയിരുന്നു ...


അത് എന്നിലെ മോഹങ്ങള്‍ക്കു ആക്കം കൂട്ടി ...


പലപ്പോഴും അവന്‍ എന്നില്‍ നിന്നും എന്തോ ഒളിക്കുന്നതായി തോന്നി ....ചോദിച്ചപ്പോഴെല്ലാം പഴയ ആ പുഞ്ചിരിയും മൌനവും....


പ്രതീക്ഷതന്‍ നാമ്പ് പൊട്ടി വളര്‍ന്ന നേരത്തായിരുന്നു അവന്‍ എന്നെ ഐസ്ക്രീം പാര്‍ലറിലേയ്ക്കു വിളിച്ചതു...


ഇതു വരെ പറയാതിരുന്ന ഒരു കാര്യം പറയാന്‍ ആണ് ...ഇനിയും വൈകികൂടാ എന്നവന്‍ കൂട്ടി ചേര്‍ത്തു...


എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു..


ജന്മ ജന്മാന്തരങ്ങളില്‍ ബാക്കി വച്ച സ്വപ്‌നങ്ങള്‍ ഞാന്‍ ഒരു രാത്രി കൊണ്ട് കണ്ടു തീര്‍ത്തു ...
എന്‍റെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു...
കൂടെ ഒരു നേര്‍ത്ത പേടിയും .....
എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..


രാവിലെ പോകാന്‍ ഇറങ്ങിയപ്പോള്‍ കണ്ണാടിയിലെ എന്‍റെ മുഖത്തിനു പതിവിലേറെ സൌന്ദര്യം ഉണ്ടെന്നെനിക്ക് തോന്നി ...


അവന്‍ എന്നെ കാത്തു നില്‍ക്കുന്നു ..
എതിര്‍ വശത്ത് കസേര ഉണ്ടായിട്ടും,,,,വളരെ നാളായി ഞാന്‍ കൊണ്ട് നടന്ന സ്വപ്നം സഫലമാകുന്നു എന്ന സത്യം എനിക്കു ബോധ്യപ്പെടാന്‍ ഞാന്‍ അവന്‍റെ അടുത്ത് ഇരുന്നു ...


ഐസ്ക്രീം കുടിക്കുന്ന വ്യാജേന അക്ഷമയായി ഇരുന്ന എന്‍റെ നേര്‍ക്ക് അവന്‍ ഒരു ലെറ്റര്‍ നീട്ടി ...
ആദ്യമായ്‌ കാണുന്നതു പോലെ ഞാന്‍ അതു വാങ്ങി ...


എന്തായിരിക്കും എഴുതിയിരിക്കുന്നതെന്നറിയാനുള്ള ആഗ്രഹത്തില്‍ അതു തുറക്കവേ...


ചന്തു 


വെഡ്സ്


ചിപ്പി


എന്‍റെ കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെ തോന്നി...


അതെ അവന്‍റെ കല്യാണ ലെറ്റര്‍ തന്നെ...


ഒന്നു കൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ വധുവിന്‍റെ സ്ഥാനത്ത് എന്‍റെ പേര് ആയിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ ...


ബൌളിലെ ഐസ്ക്രീം തീ കട്ടകള്‍ ചാലിച്ചതായിരുന്നു ...


കണ്ണുകള്‍ വിടര്‍ത്തി വച്ച്,,,വാതോരാതെ സംസാരിച്ച്‌, എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്‌ ഞാന്‍ കടിഞ്ഞാണിട്ടു....


താലി കെട്ടുമ്പോള്‍ ഞാന്‍ കൂടെ ഉണ്ടാകും എന്ന ഉറപ്പ് കൊടുത്തു അവനെ പറഞ്ഞയക്കുമ്പോള്‍ എന്‍റെ ഹൃദയത്തിനുള്ളിലെ അഗ്നിപര്‍വതം തൊണ്ടയിലെവിടെയോ കുരിങ്ങുകയായിരുന്നു....


ഒരു ചെറു ചിരിയോടെ  അകലുന്ന അവനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല...


ഒരു നേര്‍ത്ത ജലത്തുള്ളി എന്‍റെ കാഴ്ചയെ മറച്ചിരുന്നു .....


എന്തിന്നായിരുന്നു....ഈ ജന്മം....??????

മാതൃത്വത്തിന്‍ സ്വപ്നഭൂമി

കണ്ണിമ പൂട്ടി ഉറങ്ങുന്ന പൈതലേ...
കണ്‍തുറന്നു അച്ഛനെ തിരക്കിടല്ലേ...
തൂവെള്ള തുണിയില്‍ പൊതിഞൊരീ ദേഹമേ
ഇന്നു നിന്‍ വിളി കേള്‍ക്കുവാന്‍ ബാക്കിയുള്ളൂ...


കാലത്തിന്‍ കരങ്ങളില്‍ കളിപ്പാവകള്‍ നമ്മള്‍
ജീവച്ഛവം കണക്കെ ബാക്കിയായീ ഭൂമിയില്‍...
വിശന്നു കരയുന്ന മകനേ നിനക്കായിനി എന്നിലെ
സ്നേഹ ത്തിന്‍ കണ്ണുനീര്‍ത്തുള്ളികള്‍ ശേഷിക്കവേ...


നിനച്ച സ്നേഹം കൊതിച്ചിറങ്ങിയ നാള്‍
ബന്ധുക്കളെല്ലാം എന്നെ വെറുത്തൊരാ നിമിഷത്തില്‍
ഞാന്‍ ഏറ്റു വാങ്ങിയ ശാപവാക്കുകളെല്ലാം
ഇന്നു നിന്നില്‍ വന്നു പതിച്ചീടവേ...


ശപിച്ചിടല്ലേ നീയുമീ അമ്മയെ...
നിന്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നൊരീയമ്മയെ
സുഖങ്ങളെല്ലാം തരുവാനായിലെങ്കിലും...
ആവതു പോല്‍ നിന്നെ വളര്‍ത്തിടാമീയമ്മ...


കഴുകന്‍ കണ്ണുകള്‍ കൊത്തിപറിചൊരീ
കമനീയ വിഗ്രഹം ഈ അമ്മതന്‍ ദേഹം...
വയറൊട്ടിയ നിന്നെയും പേറി വറ്റിയ മാറുമായ്‌
അകലേക്ക് ഞാന്‍ നടന്നിടുമ്പോള്‍...


വേനലില്‍ തപിക്കുന്നൊരീ ദേഹത്തില്‍...
വേദനകളില്‍ പുളഞൊരീ മനസ്സിന്നാഴത്തില്‍.....
സിന്ദൂരം വെടിഞൊരീ സന്ധ്യയെ പോലെ...
വേദനിക്കുനീയമ്മ നിന്നെയോര്‍ത്തു...


സ്നേഹത്തിന്‍ വര്‍ഷ മേഘങ്ങല്‍ക്കായ്‌...
കത്തിരിക്കുന്നിതാ നിന്നെ മാറോടണച്ചു...
ഒരിക്കലും വറ്റിടാത്ത ഈ കണ്ണീര്‍ കയങ്ങളില്‍...
മുളക്കുമോ കാരുണ്യത്തിന്‍ നാമ്പുകള്‍ ഇനിയെങ്കിലും...


വളര്‍ത്തിടാം നിന്നെയീ ഉദ്യാനത്തില്‍....
സ്നേഹമാം പൂക്കള്‍ വിരിഞൊരീ ഉദ്യാനത്തില്‍...
ഉദിക്കുമോ വീണ്ടുമൊരു സ്വര്‍ണ്ണ സൂര്യന്‍...
എന്‍റെ സ്വപ്ന ഭൂമിയിലുദിക്കുമോ വീണ്ടുമാ സ്വപ്ന സൂര്യന്‍....

Thursday, November 5, 2009

ഓമലേ നിന്‍ പുഞ്ചിരി


സായം സന്ധ്യയുടെ നിറക്കൂട്ടില്‍
സര്‍വ്വം സാക്ഷിയെ തേടവേ...


ഓമലേ നിന്‍ തേങ്ങലെന്‍ കാതില്‍
ഒരോളമായ് ഒഴുകി അടിഞ്ഞനാള്‍


ആഴത്തിലേറ്റ മുറിവിന്‍റെ  നോവില്‍ 
ഒരു സാന്ത്വനം തേടി അലഞ്ഞ നിന്‍


ഹൃദയവിപഞ്ചികയിലെ സ്വരങ്ങളെല്ലാം
കണ്ണുനീര്‍തുള്ളിയായ് ഒഴുക്കിയപ്പോള്‍


ആത്മവിലെക്കൊരു തൂവല്‍ സ്പര്‍ശമായ്‌
സ്നേഹമാര്‍ന്നൊരു കിരണമായ്‌ ഞാനണയവേ


നിന്‍ മനസിന്‍ അടിത്തട്ടില്‍ ,
നിന്‍ തേങ്ങലിന്‍ മുറിപ്പാടുകള്‍ തേടി അലയവേ...


കരഞ്ഞു തളര്‍ന്നൊരാ  മിഴികളാല്‍ നിന്‍ 
മനസു തുറന്നെന്നെ നോക്കവേ...


നിന്നിലെ വിഷാദത്തെ വാരിപ്പുണര്‍ന്നു ഞാന്‍,
നിന്‍ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ത്തി അടുക്കവേ ...


ഓര്‍മ്മതന്‍ താളില്‍ നിന്നോരോരോ ഏടുകള്‍
ഓര്‍ത്തു നീ എനിക്കായ്‌ അടര്‍ത്തി എടുക്കവേ ...


ഇമകളില്‍ പൊഴിയുന്ന അശ്രുക്കള്‍ ,
ഇനി ഒരിക്കലും നിന്നെ പുണരാതിരിക്കുവാന്‍ ,


ഇനി ഉള്ള നാളുകള്‍ നിനക്കെന്നുമൊരു
തളിരിടും തണലായിരിക്കുവാന്‍ ആശിച്ചു ഞാന്‍ .


നിന്നിലെന്നും ഒരു സ്നേഹസ്പര്‍ശമായ്‌
അണയുവാന്‍ കൊതിപ്പവേ ..


നിന്‍ മനമൊരിക്കലും വിങ്ങുവാന്‍ എന്‍
ഓര്‍മ്മകള്‍ കാരണമാകരുതെന്നുറപ്പിക്കവേ ..


ഓമലെ നിന്‍ മിഴിനീര്‍ തുള്ളികള്‍ക്ക്
ഞാനുമറിയാതൊരു കാരണമാകവേ .


ഏറെ ശപിച്ചൊരാ ചെയ്തിയെ...
എത്ര മറന്നാലും മനസിനെ നീറ്റവേ...


ഓമലേ ..നീ എന്നും പൊഴിക്കേണം .
ഒരിക്കലും തീരാത്തപുഞ്ചിരികള്‍ ....

Wednesday, November 4, 2009

കിട്ടാത്ത മുന്തിരി

രാഖി (രക്ഷ) കെട്ടിയ കൈകള്‍ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ജോസഫ്‌ ചേട്ടനെ ആണ്...

അന്നൊരു ആഗെസ്റ്റ്‌ മാസമായിരുന്നു ഞാന്‍ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാടില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലം... ക്ലാസ്സ്‌ കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ കഥാനായകന്‍ (നമ്മുടെ ജോസഫ്‌ ചേട്ടന്‍) ചെമ്മീന്‍ ഫിലിമിലെ പരീക്കുട്ടിയെ പോലെ മാനസ മൈനെ വരൂ,,,, പാട്ടു കേട്ടിരിക്കുന്നു...

ദൈവമേ ഇതെന്നാ പറ്റി ഈ മനുഷ്യന്...മൈക്കല്‍ ജക്ക്സനും ജോസഫ്‌ ചേട്ടനും ഒരമ്മ പെറ്റ മക്കളാണല്ലോ...സാധാരണ മൈക്കല്‍ അണ്ണന്‍റെ പാട്ടു മാത്രം കേള്‍ക്കുന്ന ഇങ്ങേര്‍ക്കിത് എന്തു പറ്റിയോ ആവോ...ഇദ്ദേഹത്തെ കാരണം ബാക്കി ഉള്ളവര്‍ക്ക് ഒരു യുഗ്മ ഗാനം കേള്‍ക്കണേല്‍ ആഴ്ചയും സങ്ക്രാന്തിയും നോക്കണമായിരുന്നു ...

ജോസഫേട്ടാ എന്നാ പറ്റി ???

ഒന്നും ഇല്ലടാ...ഞാന്‍ ഇച്ചിരി തനിച്ചിരിക്കട്ടെ...

മൂഡു ശരിയല്ലന്ന തോന്നണേ...വെറുതെ മിണ്ടി കൊളമാക്കണ്ടാ...മൌനംവിദ്വാന് ഭൂഷണം എന്നല്ലേ അറിവുള്ളവര്‍ പറയുന്നത്(വിദ്വാനല്ലെ ഹി ഹി )...

യോഗദണ്ട് ഏന്തി (മിനി ഡ്രാഫ്ടര്‍) ഞാന്‍ എന്‍റെ റൂമില്‍ പ്രവേശിച്ചു...രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള കോളേജിലെ അശ്രാന്ത പരിശ്രമത്താല്‍ ക്ഷീണിതനായ ബെഡില്‍ കയറി കിടന്നേ ഉള്ളു ഉറക്കം തുടങ്ങി...

വലിയ ഒച്ചപാടും ബഹളവും കേട്ടാണ് ഉണര്‍ന്നത്...അപ്പുറത്തെ മുറിയില്‍ നിന്നാണ്...സംഭവം സീരിയസ് ആണ്...തമ്മില്‍ തമ്മില്‍ ഭയങ്കര തര്‍ക്കം...

"എന്നാലും എന്നോട് ഈ ചതി വേണ്ടാരുന്നു...നിന്നെ ഒക്കെ ഞാന്‍ കോളേജിന്‍റെ മെയിന്‍ ബില്‍ഡിങ്ങില്‍ നിന്നും തള്ളി ഇട്ടു കൊല്ലുമെട...അല്ലേല്‍ ബല്‍കെണിന്നു തള്ളി കിണറ്റിലിടും..."

ജോസഫേട്ടന്നാണല്ലോ ഒച്ചവെക്കുന്നത്....സാധാരണ ദേഷ്യപെടാത്ത മനുഷ്യനാണ്‌...ആശിഷേട്ടന്‍റെയും, രാകേഷേട്ടന്‍റെയും ഇന്നലത്തെ പ്ലാന്നിംഗ് കണ്ടപോളേ ഞാന്‍ മനസില്‍ കരുതിതരുന്നു എന്തോ ഗുലുമാലാണെന്നു....

കാര്യത്തിന്‍റെ ഗൌരവം അറിയാനായി ഞാന്‍ ആശിഷ്‌ ചേട്ടനോട് ചോദിച്ചു...സംഭവം വളരെ സിമ്പിള്‍ ആണ്...

വര്‍ഷങ്ങള്‍ക്കു മുന്‍പ്,അതായതു ഏകദേശം ഒരു മൂന്നു വര്‍ഷം മുന്‍പ്...ജോസഫേട്ടനും, ആശിഷേട്ടനും, രാകേഷേട്ടനും കോളേജില്‍ ചേര്‍ന്ന വര്‍ഷം...അവരുടെ ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ കുട്ടിയോട് (ജ്യോത്സ്ന) ജോസഫേട്ടനൊരു പൊടി സ്നേഹം...ആ പൊടി സ്നേഹം മൂന്നു വര്‍ഷം കൊണ്ട് വളര്‍ന്നു ഒരു കല്ലായി ഒരു മലയായി...ഇപ്പോള്‍ അത് ഒരു അഗ്നിപര്‍വ്വതം പോലെ തിളച്ചു മറിയുകയാണ്...

ഹോ ആ ചൂട് കാരണമാണ് പാവം ജോസഫേട്ടന്‍ ഉണങ്ങി കരിഞ്ഞു എല്ലും തോലും ആയതു...

പേരിന്‍റെ ആദ്യ അക്ഷരം ഒന്നായത് കൊണ്ടാണത്രേ ഇത്രെയും സ്നേഹം തോന്നിയത് എന്നാണ് ജോസഫേട്ടന്‍ എല്ലാരോടും പറഞ്ഞേക്കണേ...

സഹമുറിയന്‍ മാരെന്ന കാരണത്താല്‍ ആശിഷേട്ടനും, രാകേഷേട്ടനും നമ്മുടെ കഥാനായകനെ, പ്രണയം വെട്ടി തുറന്നു പറയാന്‍ പലപ്പോഴും നിര്‍ബന്ധിച്ചിരുന്നു...പക്ഷേ ധൈര്യം കൂടുതല്‍ ഉള്ളതിനാല്‍ ജോസഫേട്ടന്‍ ഒരിക്കല്‍ പോലും അതിനു മുതിര്‍ന്നിട്ടില്ല...ജ്യോത്സ്ന ചേച്ചിയെ കണ്ടാല്‍ അപ്പൊ ജോസഫേട്ടന്‍ കവാത്ത് മറക്കും...പിന്നെ ഞാന്‍ ഈ കോളേജില്‍ ഉള്ളതല്ലേ എന്ന രീതിയിലാണ്‌ പെരുമാറുക...

സഹികെട്ട സഹമുറിയന്‍മാര്‍ ഒരിക്കല്‍ ജോസഫേട്ടനെ ട്രീറ്റ്‌ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി ജ്യോത്സ്ന ചേച്ചിടെ കൂടെ ഇരുത്താന്‍ ശ്രമിച്ചു പക്ഷേ ഒരു ഗുണവും ഉണ്ടായില്ല പുള്ളിക്കാരന്‍ വരാല് തെറ്റണപോലെ രക്ഷപെട്ടു...

പിന്നീട് കണ്ടപ്പോള്‍ ജ്യോത്സ്ന ചേച്ചി ജോസഫേട്ടനോട്,,, എന്തിനാ കാണണമെന്ന് പറഞ്ഞത്...അത് കൊണ്ടല്ലേ ഞാന്‍ ട്രീടിനു വന്നത് പക്ഷേ എന്നെ മൈന്‍ഡ്‌ ചെയ്തില്ലല്ലോ...എന്നു പറഞ്ഞിരുന്നു...അതില്‍ നിന്നും രക്ഷപെടാന്‍ ജോസഫേട്ടന്‍ നൈസ് ആയിട്ട് കളം മാറ്റി ചവിട്ടി...ആശിഷും , രാകേഷും പറ്റിക്കാന്‍ വിളിച്ചതാണെന്നു പറഞ്ഞു തടി ഊരി...അതിന്റെ ആഫ്ടര്‍ എഫ്ഫക്റ്റ്‌ ആണ് ഇന്ന് സംഭവിച്ചത്...

ഇന്നലെ രാത്രി ആശിഷേട്ടനും, രാകേഷേട്ടനും കൂടി വമ്പന്‍ പ്ലന്നിംഗ് ആയിരുന്നു...ഇടക്കവര്‍ എന്‍റെ അടുത്ത്‌ വന്നു കുറച്ചു സംശയങ്ങള്‍ ചോദിച്ചു...

ഡാ അരുണേ നിന്‍റെ കയ്യില്‍ രാഖി ഉണ്ടോ...ഒരെണ്ണം വേണമായിരുന്നു...

ഇപ്പൊ ഇല്ല...നിര്‍ബന്ധാണേല്‍ നാളെ ഒരെണ്ണം ഒപ്പിച്ചു തരാം...

രാഖി എന്നു പറയണത് ആങ്ങളക്കു പെങ്ങള്‍ കെട്ടി കൊടുക്കുന്നതല്ലേ ...

ആ അത് തന്നെ...

അങ്ങനെ ആണേല്‍ നിര്‍ബന്ധാ...നാളെ രാവിലെ കിട്ടണം...എന്നാലെ ഉപയോഗം ഉള്ളു...

നോക്കട്ടെ ഞാന്‍ ഒരെണ്ണം ഒപ്പിച്ചു തരാം...

ഹ നീ ഉറപ്പു പറ...

ആര്‍ക്കു കൊടുക്കാനാ..

അതൊക്കെ ഉണ്ട് നീ ഒരെണ്ണം ഒപ്പിക്ക്...

ഓക്കേ ഞാന്‍ സമ്മതിച്ചു....രാവിലെ റെഡി ആയിരിക്കും...

നേരം വെളുത്ത ഉടനേ ഞാന്‍ അകത്തേത്തറ വരെ പോയി ഒരു രാഖി ഉപ്പിച്ച്ചു...നല്ല കാവി കളര്‍...തിരിച്ചെത്തിയ ഉടനെ തന്നെ ഞാനത് രാകേഷേട്ടനെ ഏല്പിച്ച്ചു...പറഞ്ഞത് പോലെ ചെയ്തതിനാല്‍ അവര്‍ക്ക് സന്തോഷമായി...

ഉദ്ധേശിച്ച പോലെ നടന്നാല്‍ നിനക്കു വൈകിട്ട് ചായയും വടയും വാങ്ങി തരാം..

ഓ എനിക്കു ചായയും വടയും വേണ്ട..നിങ്ങളുടെ സന്തോഷമാണ് വലുത്...പിന്നെ നിര്‍ബന്ധമാണേല്‍ ഒരു മസാല ദോശ മതി...

അയ്യട അവന്‍റെ ഒരു നിര്‍ബന്ധം...എന്തായാലും വൈകിട്ട് കാണാം...

പിന്നെ സംഭവിച്ചതെല്ലാം അവിശ്വസനീയമായിരുന്നു...ആശിഷേട്ടനും രകേഷേട്ടനും തന്ത്ര പരമായിട്ട് ജ്യോത്സ്നചേച്ചിയെ കണ്ടു...എന്നിട്ട് കുറെ കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപിച്ചു...

ജോസഫിന് ജ്യോത്സ്നയെ പെങ്ങളെ പോലെ ഇഷ്ടമാണ്...ആ സ്നേഹം ഇത് വരെ അവന്‍ ഒളിച്ചു വെച്ചിരിക്കുകയാ....

അതെയോ...എന്‍റെ ഭാഗ്യം...



ഞങ്ങടെം...

ഇന്ന് രക്ഷാബന്ധന്‍ ആണ് ഈ രാഖി ജോസേഫിന്‍റെ കൈയില്‍ കെട്ടി കൊടുക്കണം...അവനൊത്തിരി സന്തോഷമാകും...നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷം കൊടുകേണ്ടത്‌ നമ്മുടെ കടമയല്ലേ...

അ ഇങ്ങു തന്നേക്ക്‌...ഞാന്‍ കെട്ടി കൊടുക്കാം...

ദാ പിടിച്ചോ അവന്‍ ആലിന്ച്ചുവട്ടില്‍ ഇരിപ്പുണ്ട്...

അവര്‍  അവിടെ നിന്നും ഓടി ആലിന്ച്ചുവടില്‍ എത്തി ഒന്നും അറിഞ്ഞിട്ടില്ലാത്തപോലെ ജോസേഫെട്ട്ടന്‍റെ ഒപ്പം ഇരിപ്പുറപ്പിച്ച്ചു...

എന്താടാ ജോസേഫെ നീ ആലോചിക്കണേ ജ്യോത്സ്നയെ പറ്റി ആണോടാ...

അതേടാ...അളിയാ നിനക്കെങ്ങനെ മനസിലായി....

ഒന്നും അല്ലേലും നമ്മള്‍ റൂം മേറ്റ്സ് അല്ലെടാ...ദേ അളിയാ അവള്‍ വരുന്നു...ഇങ്ങോട്ടാണല്ലോ....

ഡാ എന്നെ കണ്ടാല്‍ കുഴപ്പം ഒന്നും ഇല്ലല്ലോ...ഗ്ലാമര്‍ അല്ലെ...???

ഹേ ഇല്ലളിയ എന്നതെതിനെക്കളും നല്ലതു ഇന്നാണ്...

അവളുടെ വരവിലെന്തോ പന്തികേടില്ലെട ...

ഇല്ലടാ അത് നിനക്കു തോന്നണതാ....

ജ്യോത്സ്ന വന്നു...ഒരു നനുത്ത പുഞ്ചിരിയോടെ...

ഹായ്...റൂം മേറ്റ്സ് എല്ലാരും ഉണ്ടല്ലോ...ആശിഷും രാകേഷും ഇത്ര പെട്ടെന്ന് ഇങ്ങെ ത്തിയോ...ഞാന്‍ ജോസേഫിനെ കാണാന്‍ വന്നതാ,,,

എന്തെ....(ഇടറിയ ശബ്ദത്തോടെ ജോസഫ്‌ ചോദിച്ചു)


എന്നാലും എന്നോട് ഈ ചതി വേണ്ടാരുന്നു...എന്നെ ഇത്രേ സ്നേഹിചിട്ടെന്തേ പറയാതിരുന്നത്...

ജോസഫ്‌ ഇരുന്നു വിയര്‍ത്തു...

അത് ഞാന്‍...അങ്ങനെ ഒന്നും...എനിക്കു....ഞാന്‍ ചെയ്തത് തെറ്റായി പോയെന്ക്കില്‍ എന്നോട് ക്ഷമിക്കണം...

ഹ ക്ഷമ പറയോന്നും വേണ്ട..ആ കയിങ്ങു നീട്ടിക്കെ...

ജോസഫേട്ടന്‍ വിചാരിച്ചത് ലവ് ലെറ്റര്‍ തരാനായിരിക്കുന്നു....പക്ഷേ ജ്യോത്സ്ന ചേച്ചി എടുത്ത രാഖി കണ്ടു ജോസേഫേട്ടന്‍ ഞെട്ടി...എണിച്ചോടണം എന്നാരുന്നു മനസ്സില്‍ പക്ഷേ സഹ മുറിയന്‍ മാര്‍ ആരാ ടീംസ്‌..വിട്ടില്ല...രണ്ടു വശത്തുന്നും കൈകള്‍ തോളിലൂടെ ഇട്ടു മുറുകെ പിടിച്ചു...അനങാനും തിരിയാനും വയ്യാത്ത അവസ്ഥ...

ജ്യോത്സ്ന ചേച്ചി രാഖി കെട്ടുവാന്‍ റെഡി പക്ഷേ ജോസേഫേട്ടന്‍ കൈകള്‍ രണ്ടും പാന്റ്സില്‍ തിരുകി....പിന്നെ അവിടെ ഒരു പിടി വലിയായിരുന്നു...ഒരു കണക്കില്‍ അവര്‍ ജോസേഫേട്ടന്റെ കൈ പുറത്തെടുത്തു...കിട്ടിയ ചാന്‍സില്‍ ജ്യോത്സ്ന ചേച്ചി രാഖി കെട്ടി...സഹ മുറിയന്‍ മാര്‍ എന്ന നിലയില്‍ കൈ അടിച്ചു പ്രോത്സാതിപിച്ച്ചു ആ വിശുദ്ധകര്‍മ്മത്തിന് അവര്‍ സാക്ഷികളായി..

നമ്മുടെ സ്നേഹത്തിന്‍റെ ഓര്‍മ്മക്കായി ഈ രാഖി എന്നും കൈയ്യില്‍ കാണൂല്ലേ....

ആ ഉണ്ട്ടകും...എന്‍റെ മരണം വരെ...മതിയോ...(ഈ രാഖി ചെറുതായത് നന്നായി...ഇല്ലേ ഇതില്‍ കെട്ടി തൂങ്ങാരുന്നു...)

എനിക്കു സന്തോഷമായി...ഞാന്‍ പോകട്ടെ...

ഡാ ജോസേഫെ രാഖി കെട്ടിയാല്‍ പെങ്ങള്‍ക്ക് എന്തേലും കൊടുക്കണമെന്നാണ് പറയാറ്‌...



രകേഷേട്ടനെ ജോസേഫേട്ടന്‍ കണ്ണുരുട്ടി കാണിച്ചു...

ആണോ...എന്നാല്‍ എന്‍റെ ഏട്ടന്‍ എനികെന്താ തരാന്‍ പോകുന്നത്...

ജ്യോത്സ്നേടെ ഏട്ടന്‍ വിളി കേട്ടു ജോസേഫിനു ആല്‍ മരവും ആലിന്ച്ചുവടും എന്തിനേറെ പറയുന്നു കോളേജ് മൊത്തം കറങ്ങുന്നത് പോലെ തോന്നി...

എന്‍റെ കയ്യില്‍ ഒന്നും ഇല്ലല്ലോ...

അയ്യോ...ഈ ഏട്ടന്‍ എച്ചി ആണല്ലോ...

ഡാ അങ്ങനെ പറഞ്ഞു അവളുടെ മനസ് വിഷമിപ്പികാതെ...നിന്‍റെ പുതിയ പാര്‍ക്കര്‍ പേന കൊടുക്ക്‌...

ദാ പേന...(സഹ മുറിയന്‍ മാരെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ആ മുഖത്ത്)

സന്തോഷമായി ഏട്ടാ ഞാന്‍ പോട്ടെ...


ഡെ ജ്യോത്സ്നെ നില്കടെ ഞങ്ങളും വരുന്നു...അവര്‍ മുങ്ങി...പിന്നെ ദേ പൊങ്ങിത് റൂമിലാ...ജോസേഫേട്ടന്‍ ഇന്ന് ക്ല്ളസ്സില്‍ കേറിട്ടില്ല...

സംഭവം കേട്ടു കുറെ ചിരിച്ചെങ്കിലും എനിക്കു വിഷമമായി...ഞാന്‍ ജോസേഫേട്ടനെ ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചു...

ജൊസെഫേട്ട സാരമില്ല എല്ലാം വിധിയുടെ വിളയാട്ടമാ....

ഇത് വിധിയല്ലട...ആശിഷിന്‍റെയും രാകേഷിന്‍റെയും വിളഞാട്ടമ...ഇവനെ ഓക്കേ....വിഷം കേക്കില്‍ ചേര്‍ത്തു കൊടുക്കണം...

ഇത്രെയും ദേഷ്യപെടാതെ...സാരമില്ല...

നിനക്കിതൊക്കെ പറയാം...അവളുടെ കയ്യാണോ കാലാണോ വളരണെന്നു നോക്കി, കണ്ട അണ്ടനും അടകോടനും പ്രപോസ് ചെയ്തെ കോഴി കുഞ്ഞുങ്ങളെ നോക്കണത് പോലെ നോക്കിതാ...എന്നിട്ടാണിപ്പോ...

ജോസേഫേട്ടന്‍ വിഷമിക്കാതെ...എല്ലാത്തിനും ഒരു പോം വഴി ഉണ്ട്...

എന്തു പോം വഴി...ആ രാഖി കൊണ്ട് കൊടുത്തവനെ കിട്ടിയാല്‍ ഞാന്‍ ഞെക്കി കൊല്ലും...

ദൈവമേ അത് എന്നെ പറ്റിയാണല്ലോ പറയണത്...

രാഖി കൊണ്ട് വന്നു കൊടുത്തവനെ വിഷം കേക്കില്‍ ചേര്‍ത്തു കൊടുത്തു കൊന്നാല്‍ മാത്രം പോര... അവന്‍റെ ഡെഡ് ബോഡി മെയിന്‍ ബ്ലോക്കില്‍ നിന്നും തള്ളി ഇട്ടു മുകളില്‍ കൂടി വണ്ടി കേറ്റി ഇറക്കണം...

ഇത് കേട്ടതോടെ എന്‍റെ നല്ല ജീവന്‍ പോയി...ഞാന്‍ പതുക്കെ അവിടുന്ന് എണിറ്റു..

എന്നെ വൈയിറ്റു ചെയ്യാരുന്ന അശിഷേട്ടനോടും രാകേഷേട്ടനോടും ഞാന്‍ സംഭവിച്ചത് മുഴുവനും പറഞ്ഞു കൊടുത്തു...

ശരി കഴിഞ്ഞത് കഴിഞ്ഞു വാ ചായ കുടിക്കാന്‍ പോകാം...പറ്റിയാല്‍ ഒരു വടയും കഴിക്കാം..ആശിഷേട്ടനും രാകേഷേട്ടനും റെഡി...

ഞാന്‍ വരുന്നില്ല...ജോസേഫേട്ടന്‍ സംഭവിച്ചതിന്‍റെ നിജസ്ഥിതി അറിഞ്ഞിരുന്നേല്‍ ഞാന്‍ വട ആയേനെ...പിന്നെ ഇത്തിരി ചായ തിളപ്പിച്ച് നിങ്ങള്ക്ക് എന്നെ തിന്നമാരുന്നു...

അവര്‍ പോയി..ഞാന്‍ വീണ്ടും ജോസേഫേട്ടന്റെ അടുത്ത് ചെന്നു..പാവം മാനസ മൈനെ വരൂ... പാട്ടു റിപീറ്റ് ഇട്ടു കേള്‍ക്ക...ഇടയ്ക്കു രാഖിലേക്ക് നോക്കും..ഇടയ്ക്കു ഫാനിലെക്കും...

പിന്നീടെപ്പോളോ ജോസേഫേട്ടന്‍ പറഞ്ഞു...

രാഖി കെട്ടിയപ്പോള്‍ അത് അഴിച്ചു അവളുടെ കഴുത്തേല്‍ കെട്ടാരുന്നു...

ഉവ്വ് ഉവ്വുവേ കിട്ടാത്ത മുന്തിരി പുളിക്കും....ഞാന്‍ ആത്മഗതം പോലെ പറഞ്ഞു...

കു...കു...ഹി ഹി ഹി.... റൂമില്‍ വന്‍ ബഹളം...

Tuesday, November 3, 2009

ഇന്‍ഡസ്ട്രിയല്‍ വിസിറ്റും പുതിയ ജീന്‍സും

ഞാന്‍ പോളി ടെക്നിക്കില്‍ പഠിക്കുന്ന കാലം ..
പത്താം ക്ലാസ്സ്‌ കഴിഞ്ഞ് ,പ്ലസ്‌ ടുനു പോകാതെ നേരിട്ട് പോളി ടെക്നിക്ക് കോളേജില്‍ വന്നതിന്‍റെ ഒരു പേടിയും...സന്തോഷവും... ഞാന്‍ ആരോ ആയി എന്ന ചെറു ഭാവവും ഉണ്ട് മനസ്സില്‍ ....


ജൂനിയേര്‍സ്‌ ആയിരുന്നിട്ടും സീനിയേര്‍സ്‌ കാണ്കെ ചിരിച്ചും കാണാതെ ചീത്ത വിളിച്ചും ...
മുതുമുത്തച്ഛന്‍ മാരുടെ ക്ലാസുകള്‍ കട്ട്‌ ചെയ്തും ,
റേഷന്‍ കട തുറക്കുന്ന (പഞ്ചാര അടിക്കുന്ന) ചേട്ടന്മാരുടെ കസ്റ്റമര്‍ ആയും ജീവിച്ചു പോന്നു ..


അപ്പോഴാണ് നമുക്കൊരു ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ഉണ്ട് എന്നും ,
എല്ലാവരും പാന്റും ഷര്‍ട്ടും ഇടണമെന്നും ,
ബസ്‌ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും, സര്‍ പറഞ്ഞു .
പകുതി പേര്‍ക്ക്‌ രാവിലെ 9 മുതല്‍ 12 വരെ ...ബാക്കി പകുതി 1 മുതല്‍ 4 വരെ ..


ഹോ.. ജീന്‍സ് ഇട്ട ഒരു പൂമ്പാറ്റ എന്‍റെ മനസ്സില്‍ ഓടി കളിച്ചു.....


കിട്ടിയ അവസരം പഴകരുത് ഞാന്‍ മനസ്സില്‍ പറഞ്ഞു ..


ജീന്‍സും ഷര്‍ട്ടും കോളേജില്‍ ഇടാന്‍ സമ്മതിക്കില്ല ..


ആണ്‍കുട്ടികള്‍ ജീന്‍സിടുന്നലോ പിന്നെ നമ്മള്‍
ഇട്ടാല്‍ എന്താ എന്ന് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത് ഞാന്‍ ഇവിടെ പറയുന്നില്ല ......


എന്തായാലും ഇന്ന് ഒരു ദിവസമേ ഉള്ളു , ജീന്‍സ് വാങ്ങണം ..നാളെ കിടിലനായി വരാനുള്ളതല്ലേ ....


അങ്ങനെ നമ്മള്‍ നാലു പേര്‍ (മീനു , നീതു , ആശ പിന്നെ ഞാന്‍.. )
ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ്‌ കട്ട്‌ ചെയ്തു ..
ഒറ്റത്തടിയായ തെങ്ങിന്‍റെ മണ്ട വളഞ്ഞ പോലെ നില്‍ക്കുന്ന സെക്ക്യൂരിറ്റി ചേട്ടന് ഒരു 5 (*****) സ്റ്റാര്‍ വാങ്ങി കൊടുത്തു ജീന്‍സ് വാങ്ങാന്‍ ഇറങ്ങി ..
കടകള്‍ എല്ലാം തെണ്ടി , ഒന്നും ഇഷ്ട്ടമാകാതെ ബിഗ്‌ ബസാര്‍ എത്തി ..


ദേ ഓടുന്ന പടികള്‍ ...
പടികള്‍ മാത്രം ഓടി നീങ്ങുന്നു .....
ഈ പടികള്‍ എങ്ങോട്ടാ പോകുന്നത് ??
ചിലര്‍ അതില്‍ കയറി നില്കുന്നുണ്ട് ...


കേറണോ വേണ്ടയോ എന്നു സംശയിച്ചു നില്‍ക്കുന്ന ഞങ്ങളെ കണ്ടു നിന്ന ഒരു കാലമാടന്‍ സെക്ക്യൂരിറ്റി ഓടുന്ന പടികളില്‍ കേറാന്‍ നിര്‍ബന്ധിച്ചു...


കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി ..
സര്‍ നമുക്ക്‌ അത്രേം സ്പീഡ് ഇല്ല....
ഇവിടെ ഇങ്ങനെയേ കയറാന്‍ പറ്റൊളൂ....
എങ്കില്‍ വേണ്ട സര്‍ .....


ചുവരില്‍ അസിന്‍ ഇട്ടിരിക്കുന്ന ജീന്‍സ് എന്നെ മാടി വിളിക്കുനുണ്ടാരുന്നു...


എന്തായാലും ഈശ്വരന്‍ കടാക്ഷിച്ചു.....
വേറെ ഓടാത്ത പടി ഉണ്ട് ..
ഓടാത്ത പടിയിലൂടെ നമ്മള്‍ അതിവേഗം ഓടി കയറി ,ജീന്‍സുകള്‍ പലതും മാറി മാറി ഇട്ട് നോക്കി ..
എല്ലാം അരിച്ചു പറക്കി ഒടുവില്‍ ഒരു ജീന്‍സും ഷര്‍ട്ടും എടുത്തു..


ഹോസ്റ്റല്‍ എത്തി...... വാര്‍ഡന്‍ , വാച്ചര്‍ എന്നു വേണ്ട കണ്ട പട്ടിം പൂച്ചേം ഉള്‍പെടെ എല്ലാരേം ഇട്ട് കാണിച്ചു .. ബാക്കി ഉള്ള കുട്ടികളുടെ ജീന്‍സിന്‌ ഇടാന്‍ പറ്റുന്ന ടോപുകള്‍ എല്ലാം ഇട്ട് നോക്കി ഒരു ഫാഷന്‍ ഷോ തന്നെ നടത്തി .....


ജീന്‍സ് ഇട്ട് ഇന്‍ ഡസ്ട്രി വിസിറ്റ് ചെയുന്നതും , ....
ദേ ആ കൊച്ചിനെ നോക്ക്‌ ഇന്ന് മറ്റു കുട്ടികള്‍ പറയുന്നതും... സ്വപ്നം കണ്ടു കിടന്നുറങ്ങി .


രാവിലെ 5 മണിക്ക് എന്നിറ്റു കുളിച്ചു ....
കഴിച്ചിട്ടോന്നും ഇറങ്ങുന്നില്ല ....എന്റെ മനസ്സില്‍ , എന്തിനേറെ കഴിക്കുന്ന പാത്രത്തില്‍ പോലും ജീന്‍സ് ......
റൂമില്‍ വന്നു ജീന്‍സ് ഇട്ട് ഒരുങ്ങി ഇറങ്ങാന്‍ തുടങ്ങിയതും മഴ ....
ഹോ നാശം ....പെയ്യാന്‍ കണ്ട സമയം ..
എല്ലാം നനയുമല്ലോ ..ഷൂ എട്ടോണ്ടേ പോകാവൂ ..അതും നനയും ..
എന്തായാലും ഞാന്‍ അവരോ‌ടു പറഞ്ഞു ഞാന്‍ ഇറങ്ങുവാ ..
ഇനി ഇതു ഇട്ട് ഇവിടെ നില്‍കാന്‍ എനിക്ക് വയ്യ ..
മഴ ആയാലും നാലു പേര്‍ കാണട്ടെ...
നിങ്ങള്‍ അങ്ങ് വന്നാ മതി ....


നല്ല മഴ ..ഓട്ടോ കൈ കാണിച്ചു .. ഓട്ടോ വന്നപ്പോഴാ ഓര്‍ത്തത്‌ പത്ത് പൈസ പോലും എടുക്കാനില്ല ...


നല്ല കാര്യത്തിന് ഒരു നല്ല ജീന്‍സ് ഒക്കെയിട്ട് ഇറങ്ങിയിട്ട് തിരിച്ചു കേറുന്നത് ശരി അല്ലല്ലോ ....
ഒട്ടും ശരി അല്ല ....
അടുത്ത് നിന്ന ചേച്ചിയോട്പത്ത് രൂപ കടം ചോദിച്ചു ....
പണ്ട് റാഗ് ചെയ്തപ്പോ ' പോടീ മരങ്ങോടി ' എന്ന് വിളിച്ചത് ചേച്ചി മറന്നു കാണും ..
അതല്ലേ എനിക്ക് പത്ത് രൂപ തന്നത് ..
ഞാന്‍ ഓട്ടോയില്‍ കയറി ..


എവിടെ പോകണം ?


പോളി ടെക്നിക്ക് വരെ പോകണം ... ഇന്നു ഇന്‍ ഡസ്ട്രിയല്‍ വിസിറ്റ് ഉണ്ട്....ജീന്‍സ് ഇന്നലെ വാങ്ങിയേ ഉള്ളു .. നനയും അതാ ഓട്ടോ പിടിച്ചത് ....


എന്‍റെ മറുപടി കേട്ടു പേടിചിട്ടാണെന്നു തോന്നണ് ഓട്ടോ ചേട്ടന്‍ വണ്ടി 60 മൈല്‍ സ്പീഡില്‍ വിട്ടു...എങ്ങനേലും ഈ മാരണത്തെ ഒഴിവാക്കണമെന്നോര്‍ത്തു കാണും....പാവം...ജീവനില്‍ കൊതിയുണ്ടാകും...പേടിപ്പികണ്ടിരുന്നില്ല.....


പോളി എത്തി ..


ആണ്‍കുട്ടികള്‍ ഒക്കെ എല്ലാ ദിവസത്തെയും പോലെ യൂണിഫോറം ..
ഇവര്‍ക്കെന്താ വേറെ ഡ്രസ്സ്‌ ഇല്ലെ ??
ആദ്യ ബാച്ച് പോയി ..ബാക്കി ഉള്ളവര്‍ ലാബിലാന്നു ..


ഞാന്‍ നോക്കുമ്പോഴെല്ലാം സി ആര്‍ ഒ യും പവ്വര്‍ സപ്പ്ലയും ഒക്കെ ജീന്‍സ് ഇട്ടിരിക്കുന്നു...എന്നെ സ്വീകരിക്കാനായിരിക്കും....
വാച്ചിലെ സ്പീടില്ലാത്ത സൂചിയെ പഴിച്ചു നമ്മള്‍ സമയം തള്ളി നീക്കി ....


പോയവര്‍ എല്ലാം തിരിച്ചു വന്നു.... നമ്മള്‍ റെഡി ആയി നില്‍ക്കയാണ്‌ ...
പെട്ടെന്ന് ആ സാറിന്‍റെ ഉണ്ട കണ്ണിനകത്ത് ഞാന്‍ കേറി ....


കുട്ടി... ഈ കളര്‍ ഷര്‍ട്ട് ഇടാന്‍ ആരു പറഞ്ഞു ?


യൂണിഫോമിന്‍റെ കളര്‍ ഷര്‍ട്ടും പാന്റും ഇട്ടേ പറ്റു..


യൂണിഫോമിന്റെ കളര്‍ ക്രീം ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും ആണ്
ഇശ്വര ഞാന്‍ ഇട്ടിരിക്കുനതോ പച്ച ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും....


സര്‍ അത് ..
പറ്റില്ല എന്ന് പറഞ്ഞില്ലേ ....


ഇനി എന്താ ചെയ്യാ ...


അപ്പോഴാണ് ആശ പറഞ്ഞത്... അവള്‍ ബെല്‍ട്ട്‌ വാങ്ങിയ ബാലുനോട് ചോദിക്ക്യാം..


എന്ത് ???ഷര്‍ട്ടോ ??


ജീന്‍സ് ഇട്ടുള്ള ഇന്‍ ഡസ്ട്രിയല്‍ വിസിറ്റ് ഓര്‍ത്തപ്പോ ഞാനും തീരുമാനിച്ചു ചോദിക്ക്യാം..


നമ്മള്‍ നാല് പേരും കൂടി ക്ലാസ്സില്‍ ചെന്നു ..


അതിനിടെ മീനു... രാഹുല്‍ ബെല്‍റ്റ്‌ ഉണ്ടോ ?


അയ്യോ ഇല്ല.....


ദേ അജിടെ ഉണ്ട് .....


അജിക്ക് ഇല്ല എന്ന് പറയാന്‍ സമയം കൊടുക്കാതെ , രാഹുല്‍ ബെല്‍റ്റ്‌ വലിച്ചു ഊരി , പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെ, എന്തോ പുണ്യം ചെയ്ത മനസോടെ മീനുനു കൊടുത്തു ..




ആശ ഒരു പാന്റും , ഒരു ബ്ലൂ ജീന്‍സും , ഷര്‍ട്ടും ഒരു ചീപ്പും എടുത്തു കവറിലാകി നില്‍ക്കയാണ്‌ ....അങ്ങ് ചെന്നു വേണം റെഡി ആകാന്‍ ..ആഗ്രഹം ഉണ്ടെങ്കിലും അവള്‍ക്ക് നാണം . .


ഞാന്‍ രാഹുലിനോട് .... അതെ രാഹുല്‍ എനിക്ക് ഒരു കാര്യം വേണം ..
എന്താ വേണ്ടേ പറ ??


നിന്റെ ഷര്‍ട്ട് ......


അയ്യേ ...അത് എങ്ങനെ ??..പറ്റില്ല ..


എന്നെ ഒന്ന് സഹായിക്കെടാ.. അല്ലെ എനിക്ക് പോകാന്‍ പറ്റില്ല ..


അയ്യോ ഞാന്‍ ബനിയന്‍ പോലും ഇട്ടിട്ടില്ല ..


' ഭാഗ്യം ഇട്ടിട്ടുണ്ടായിരുന്നേല്‍ അവള്‍ അതും ചോദിച്ചേനേ ' ...എന്ന് പറഞ്ഞ രവിയുടെ ഷര്‍ട്ടിലായി എന്‍റെ കണ്ണ് ..


അതെ രവി ബനിയന്‍ ഇട്ടിട്ടുണ്ട്..


അവനിലേക്കായി എന്‍റെ അമ്പുകള്‍ ..


അയ്യോ എന്ന് വിളിച്ചു അവന്‍ ഓടാന്‍ തുടങ്ങവേ ...


വേറെ ആരും എന്‍റെ ഇര ആകാതിരിക്കാന്‍ ആകണം .. എല്ലാരും കൂടി അവനെ വളഞ്ഞു പിടിച്ചു ഷര്‍ട്ട് വലിച്ചൂരി എനിക്ക് തന്നു ....


ഇതു ശരിക്കും ഒരു പാഞ്ചാലി വസ്ത്രാക്ഷേപം തന്നെ...


വേറെ ഒന്നും നോക്കിയില ...ഓടി , .. ഡ്രെസ്സിംഗ് റൂമിലേക്ക്‌ .....


ഒരു മാസം ആയിട്ടു വെള്ളം കാണിക്കാത്ത ഷര്‍ട്ട്... ശെരിക്കും ക്രീം കളര്‍ തന്നെ....


ഇതൊന്നു ചാണകത്തില്‍ മുക്കിയിട്ടു ഇടാരുന്നു....ആ മണം ഇതിനേക്കാള്‍ നല്ലതായിരുന്നു ....


എന്തായാലും ആവശ്യക്കാരി ഞാന്‍ ആയി പോയില്ലേ ??
പണ്ടേ എനിക്ക് ഔചിത്യം ഇല്ല ...


ഹോ ജീന്‍സ് ബ്ലാക്ക്‌ എടുത്തത്‌ നന്നായി അല്ലെ...പാവം രവി .....


നമ്മള്‍ നാലു പേരും കോളേജിന്റെ മുന്നിലേക്ക് ഓടി ... ആരെയും കാണുന്നില്ല ....
എല്ലാരും ബസ്‌ സ്റ്റോപ്പില്‍ എത്തി കാണും ...
കോളേജില്‍ നിന്നും ബസ്‌ സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റര്‍ ..ആ വഴിയിലൂടെ ബസ്‌ പോകില്ല ...


നമ്മള്‍ ഒരു ഓട്ടോയില്‍ കയറി ..
ഓട്ടോ സ്റ്റാര്‍ട്ട്‌ ആകുന്നില്ല ....


എന്ത് പറ്റി ചേട്ടാ...??


പുതിയ ഓട്ടൊയാ മക്കളെ....


പണി തീരും മുന്‍പേ എടുത്തോണ്ട് വന്നോ ചേട്ടാ...


എന്ന് ചോദിച്ചു അതില്‍ നിന്നും ഇറങ്ങി.. ..


നാശം പിടിക്കാന്‍ ഓട്ടോ ഒന്നും വരുന്നില്ല ..


ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നാ പോലെ ആദ്യം കയറിയ ഓട്ടോ സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ അതില്‍ കയറി ....


അതിനിടെ ആശ ഈ ഓട്ടോയില്‍ ഇരുന്നു ഷൂ ഇടാം എന്ന് പറഞ്ഞു ഷൂ കുത്തി കയറ്റുകയാ....


സ്റ്റോപ്പില്‍ എത്തിയതും ...... ദേ ബസ്‌ പോകുന്നു ..
ചാടി ഇറങ്ങി ....അയ്യോ ഇനി എന്ത് ചെയ്യും ??
എന്ത് ചെയ്യാനാ ??....... ഹോസ്റ്റല്‍ ഒന്ന് വിസിറ്റ് ചെയാം .




തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നപ്പോള്‍ രവി ബനിയനും ഇട്ട് , രാഹുലിന്‍റെ പിന്നില്‍ , ബാഗും തൂക്കി കൂനിപ്പിടിച്ചിരിക്കയാണ്‌.. .. ഉള്ളിലൊരു ചിരി വന്നെങ്കിലും പാവം രവി...


ഞങ്ങള്‍ ഒളിച്ചു നിന്നു ....


എന്നെ കണ്ടാല്‍ അവന്‍ ഷര്‍ട്ട് ചോദിച്ചാലോ .....